സി.പി.എം എം.എല്‍.എ യു.പ്രതിഭയുടെ മകനെതിരെ കേസെടുത്തതിനു പിന്നാലെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലം മാറ്റി. പി.കെ ജയരാജിനാണ് അടിയന്തര നടപടി. സര്‍വീസില്‍നിന്നു വിരമിക്കാന്‍ 5 മാസം ശേഷിക്കെയാണ് മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്.
കൊല്ലം സ്വദേശിയായ ഇദ്ദേഹം ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണറായി ചുമതല ഏറ്റെടുത്ത് മൂന്ന് മാസം തികയും മുന്‍പാണ് നടപടി. ഇതിനിടയില്‍, ലഹരിക്കേസുകളില്‍ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ബിനാമി കള്ളുഷാപ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് കായംകുളം എംഎല്‍എ പ്രതിഭയുടെ മകന്‍ കനിവിനെതിരെ കഞ്ചാവ് കൈവശംവച്ചതിനു കേസെടുത്തത്. കനിവ് ഉള്‍പ്പെട്ട സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്‍പതാം പ്രതിയാണ് എംഎല്‍എയുടെ മകന്‍.
മകന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് ഫേസ്ബുക്ക് ലൈവിലൂടെ യു. പ്രതിഭ രംഗത്തെത്തിയിരുന്നു. മൂന്ന് ഗ്രാം കഞ്ചാവാണ് സംഘത്തില്‍നിന്ന് പിടിച്ചെടുത്തത്. സംഭവത്തില്‍ മാധ്യമങ്ങള്‍ക്കെതിരെയും എംഎല്‍എ വിമര്‍ശനമുയര്‍ത്തിയിരുന്നു.