ഇസ്രാഈല്‍ ആക്രമണത്തില്‍ ഗസ്സയില്‍ അല്‍ ജസീറയുടേത് ഉള്‍പ്പെടെ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഗസ്സയില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ അല്‍ ജസീറയുടേത് ഉള്‍പ്പെടെ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗസ്സയില്‍ നടന്ന ആക്രമണത്തില്‍ അല്‍ ജസീറ മുബാഷര്‍ ചാനലിന്റെ മാധ്യമപ്രവര്‍ത്തകനായ ഹുസ്സാം ഷബാത്ത്(23) കൊല്ലപ്പെട്ടു.

അദ്ദേഹത്തിന്റെ കാറിനെ ലക്ഷ്യമിട്ടുള്ള ആക്രമണം ബൈത്ത് ലാഹിയയുടെ കിഴക്കന്‍ ഭാഗത്താണ് നടന്നതെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി. അല്‍ ജസീറയുടെ ആറാമത്തെ മാധ്യമപ്രവര്‍ത്തകനാണ് ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. നേരത്തെ തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസില്‍ വെച്ച് ഫലസ്തീന്‍ ടുഡേയിലെ മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് മന്‍സൂറിനെയും ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയിരുന്നു.

യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഇസ്രാഈല്‍ സൈന്യം മന്‍സൂറിനെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയത്.

അതേസമയം 2023 ഒക്ടോബര്‍ മുതലുള്ള ഇസ്രാഈലി ആക്രമണങ്ങളില്‍ കുറഞ്ഞത് 208 മാധ്യമപ്രവര്‍ത്തകരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഗസ്സയിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് വ്യക്തമാക്കുന്നത്.

webdesk18:
whatsapp
line