തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തില്‍ 33,000-ത്തിലധികം പേര്‍ മരിച്ചു. ഒരാഴ്ചയ്ക്ക് ശേഷം രക്ഷാപ്രവര്‍ത്തകര്‍ കൂടുതല്‍ രക്ഷപ്പെട്ടവരെ അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്തു. മരണസംഖ്യ ഇനിയും ഉയരുമെന്ന് യുഎന്‍ വ്യക്തമാക്കി. ബ്രിട്ടീഷ് സെര്‍ച്ച് ടീമിലെ അംഗം ഞായറാഴ്ച ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. ഹതായില്‍ അഞ്ച് ദിവസമായി കുടുങ്ങിക്കിടന്ന ഒരു തുര്‍ക്കിക്കാരനെ കണ്ടെത്തുന്നതിനായി ഒരു രക്ഷാപ്രവര്‍ത്തകന്‍ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ സൃഷ്ടിച്ച തുരങ്കത്തിലൂടെ ഇഴഞ്ഞ് നീങ്ങി രക്ഷിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.
കഴിഞ്ഞ തിങ്കളാഴ്ചത്തെ വലിയനാശം വിതച്ച ഭൂകമ്പത്തെത്തുടര്‍ന്ന് തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഏഴ് ദിവസത്തോളം കുടുങ്ങിക്കിടന്ന ഒരു ആണ്‍കുട്ടിയും 62 വയസ്സുള്ള സ്ത്രീയുമാണ് അത്ഭുതകരമായി രക്ഷാപ്രവര്‍ത്തനത്തിലൂടെ രക്ഷപ്പെടുത്തിയത്. 8,294 അന്താരാഷ്ട്ര രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം തുര്‍ക്കി സംഘടനകളില്‍ നിന്നുള്ള 32,000-ത്തിലധികം ആളുകള്‍ തിരച്ചിലും രക്ഷാപ്രവര്‍ത്തനത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തുര്‍ക്കിയുടെ ദുരന്ത ഏജന്‍സി അറിയിച്ചു.
ഓരോ ദിവസം കഴിയുന്തോറും അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകളെ ജീവനോടെ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്ന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നതിനാല്‍ ഇവരുടെ രക്ഷാപ്രവര്‍ത്തനവും വളരെ കഠിനമേറിയതാവുന്നുണ്ട്. പല പ്രദേശങ്ങളിലും, സെന്‍സറുകളും നൂതനമായ തിരച്ചില്‍ ഉപകരണങ്ങളും ഇല്ലെന്ന് റെസ്‌ക്യൂ ടീമുകള്‍ പറയുന്നുണ്ട്.