ഡിഎംകെ നേതാവും തമിഴ്‌നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന പരാമര്‍ശത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്. എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നത് തങ്ങളുടെ ആശയമാണ്. എന്നാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
‘ഇക്കാര്യത്തില്‍ ഞങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാണ്. ‘സര്‍വ ധര്‍മ്മ സമഭാവ’ (എല്ലാ മതങ്ങളോടും ബഹുമാനം) കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രമാണ്. എന്നാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കണം. എല്ലാവരുടെയും വിശ്വാസത്തെ ഞങ്ങള്‍ മാനിക്കുന്നു,’ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെ സി വേണുഗോപാല്‍ പറഞ്ഞു.
ഉദയനിധിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനെതിരേയും ഇന്‍ഡ്യ സഖ്യത്തിനെതിരേയും രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.