അനർഹമായി മുൻഗണനാ റേഷൻകാർഡുകൾ സ്വന്തമാക്കിയവരെ പിടികൂടാൻ വീണ്ടും കർശന നടപടിയുമായി ഭക്ഷ്യ വകുപ്പ്. അനർഹമായി കാർഡുകൾ നേടിയവർക്കെതിരെ പരാതി നൽകാൻ റേഷൻകടകളിൽ പ്രത്യേക ബോക്സ് സ്ഥാപിക്കും. എഎവൈ റേഷൻകാർഡ് ഉടമകളിൽ 26000 പേർ ഓണക്കിറ്റ് വാങ്ങാതിരുന്നതാണ് കർശന നടപടിക്ക് പ്രേരണയായത്. ഇത്തവണത്തെ ഓണക്കിറ്റ് അന്ത്യോദയ അന്നയോജന അഥവാ എഎവൈ വിഭാഗത്തിന് മാത്രമായിരുന്നു
4.85 ലക്ഷം കാർഡുടമകളുളള ഈ വിഭാഗത്തിൽ 26000 പേർ ഓണക്കിറ്റ് വാങ്ങാനെത്തിയില്ല. ഇത് പരിശോധിച്ചപ്പോഴാണ് എഎവൈ വിഭാഗത്തിലും അനർഹരുണ്ടെന്ന് ബോധ്യപ്പെട്ടത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം മുൻഗണനാ കാർഡുകളിലെ അനർഹരെ കണ്ടെത്താൻ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. ഏതാണ്ട് മൂന്നരലക്ഷത്തോളം അനർഹരെ കണ്ടെത്തി ഒഴിവാക്കി. എഎവൈ കാർഡുടമകളിൽ അനർഹരുണ്ടെന്ന സംശയം വന്നതോടെ നടപടി വീണ്ടും ശക്തമാക്കും.