പുതുമഴയിൽ ഊത്ത പിടിക്കാൻ ഇറങ്ങുന്നവർ സൂക്ഷിക്കുക. അനധികൃതമായി ഊത്ത പിടിക്കുന്നവർ അഴിയെണ്ണും. ഇത്തരക്കാരെ പിടികൂടാൻ ഫിഷറീസ് വകുപ്പ് പരിശോധന ഊർജിതമാക്കി. ഈ സമയത്തെ മീൻപിടിത്തം നിയമവിരുദ്ധമാണ്. ജൂൺ, ജൂലായ് മാസം ഉൾനാടൻ മത്സ്യങ്ങളുടെ പ്രജനന കാലമാണ്.
മുട്ടയിടുന്നതിനായാണ് മത്സ്യങ്ങൾ വയലിലേക്കും പുഴയിലേക്കും കയറിവരുന്നത്. വയർ നിറയെ മുട്ടയുമായി സഞ്ചരിക്കുന്ന തള്ള മത്സ്യങ്ങളെയാണ് ഊത്തപിടിത്തത്തിലൂടെ കൂട്ടക്കുരുതിക്ക് ഇരയാക്കുന്നത്.
മഴക്കാലത്ത് വ്യാപകമായി ഇത്തരം മീനുകളെ വേട്ടയാടുന്നുണ്ട്. ദിവസങ്ങൾ മാത്രം നീണ്ടു നിൽക്കുന്ന ഈ നിയമവിരുദ്ധ മത്സ്യബന്ധനത്തിലൂടെ വൻതോതിലുള്ള മത്സ്യസമ്പത്താണ് നശിപ്പിക്കുന്നത്.