X

‘പള്ളികളില്‍ കയറി മുസ്ലിംകളെ കൊല്ലും’; കൊലവിളിയുമായി ബിജെപി എംഎല്‍എ

മുസ്‌ലിംകള്‍ക്കെതിരെ കൊലവിളി തുടര്‍ന്ന് ബി.ജെ.പി. ഇപ്പോഴിതാ മുസ്ലിംകള്‍ക്കെതിരെ കൊലവിളിയുമായി ബിജെപി എംഎല്‍എ രംഗത്ത്. മഹാരാഷ്ട്രയിലെ വിവാദ ബിജെപി എംഎല്‍എ നിതേഷ് റാണയാണ് പ്രകോപന പരാമര്‍ശങ്ങളുമായി രംഗത്തെത്തിയത്. പള്ളികളില്‍ കയറി മുസ്ലിംകളെ കൊല്ലുമെന്നാണ് നിതേഷ് റാണയുടെ ഭീഷണി. പ്രവാചകനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ രാമഗിരി മഹാരാജിനെ പിന്തുണച്ച് അഹമ്മദ്‌നഗറില്‍ നടന്ന സകാല്‍ ഹിന്ദു സമാജ് റാലിയുടെ വേദിയിലായിരുന്നു റാണെയുടെ വിവാദ പരാമര്‍ശം.

‘ഞങ്ങളുടെ മഹാരാജിനെതിരെ രംഗത്തുവന്നാല്‍ നിങ്ങളുടെ പള്ളികളില്‍ കയറി മുസ്ലിംകളെ കൊല്ലും’- റാണെ ഭീഷണിപ്പെടുത്തി. അഹമ്മദ്നഗര്‍ ജില്ലയിലെ ശ്രീരാംപൂരിലെയും തോപ്ഖാനയിലെയും നടന്ന പരിപാടികളിലാണ് ഇയാള്‍ പ്രകോപന പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. വിദ്വേഷ പരാമര്‍ശങ്ങള്‍ ഇവര്‍ കൈയടികളോടെ പ്രോത്സാഹിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. ഇതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി അഹ്മദ്‌നഗര്‍ പൊലീസ് പറഞ്ഞു. നേരത്തെയും വിവിധ വിദ്വേഷ പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധനാണ് നിതേഷ് റാണെ.

ആഗസ്റ്റ് 15ന് നാസിക് ജില്ലയിലെ സിന്നാര്‍ താലൂക്കിലെ ഷാ പഞ്ചാലെ ഗ്രാമത്തില്‍ നടന്ന ഒരു മതചടങ്ങിനിടെയായിരുന്നു അഹമ്മദ്നഗര്‍ ജില്ലയിലെ ശ്രീരാംപൂര്‍ സദ്ഗുരു ഗംഗാഗിരി മഹാരാജ് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

തുടര്‍ന്ന് നൂറുകണക്കിന് പേര്‍ തടിച്ചുകൂടിയതിനെ തുടര്‍ന്ന് ഛത്രപതി സംഭാജിനഗര്‍, അഹമ്മദ്നഗര്‍, നാസിക് ജില്ലകളില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. നിയമവിരുദ്ധമായ സംഘം ചേരല്‍, കലാപം, കൊലപാതകശ്രമം എന്നീ വകുപ്പുകള്‍ ചുമത്തി 20 പേരെ അറസ്റ്റ് ചെയ്യുകയും ആറ് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും പിന്നീട് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായും പൊലീസ് വ്യക്തമാക്കി.

വിദ്വേഷ- പ്രവാചക അധിക്ഷേപ പ്രസംഗത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് വിവിധയിടങ്ങളിലായി അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മുംബൈയിലെ ബാന്ദ്ര, നിര്‍മല്‍ നഗര്‍, മഹിം, പൈഥോനി പൊലീസ് സ്റ്റേഷനുകളിലും താനെ ജില്ലയിലെ മുംബ്ര പൊലീസ് സ്റ്റേഷനിലുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തിയതിനും സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയതിനും സാമൂഹിക സമാധാനം തകര്‍ത്തതിനുമായിരുന്നു കേസുകള്‍.

ഇതിനു പിന്നാലെയാണ്, ഇയാള്‍ക്ക് പിന്തുണയറിയിച്ച് ഹിന്ദുത്വസംഘടനകള്‍ പരിപാടികളുമായി രംഗത്തെത്തിയത്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെട്ടാല്‍ ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലാദേശി കുടിയേറ്റ മുസ്ലിംകളെ വേട്ടയാടി കൊല്ലുമെന്ന് നേരത്തെ റാണെ ഭീഷണിപ്പെടുത്തിയിരുന്നു. എക്സ് പോസ്റ്റിലൂടെയായിരുന്നു ഇയാളുടെ ഭീഷണി. ഇത് വിവാദമായതോടെ പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തു.

webdesk13: