നിയമസഭയില്‍ സംസാരിക്കാവുന്ന ഭാഷകളില്‍ ഉര്‍ദു ഉള്‍പ്പെടുത്തണമെന്ന സമാജ് വാദി പാര്‍ട്ടിയുടെ ആവശ്യത്തോട് ‘ഉര്‍ദു പഠിപ്പിച്ച് കുട്ടികളെ മൗലവിമാരാക്കാനാണ് അവരുടെ ആഗ്രഹം’ എന്ന് പ്രതികരിച്ച് യോഗി ആദിത്യനാഥ്. നിയമസഭ നടപടിക്രമങ്ങള്‍ ഉര്‍ദുവില്‍ പരിഭാഷപ്പെടുത്തണമെന്ന ആവശ്യത്തിനെതിരെയായിരുന്നു യോഗിയുടെ വിവാദ പ്രസ്ഥാവന. നിയമസഭയില്‍ ബജറ്റ് സെഷനില്‍ സംസാരിക്കുകയായിരുന്നു യോഗി.
അഖിലേഷ് യാദവ് സ്വന്തം കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കുമ്പോള്‍ മറ്റുള്ള കുട്ടികള്‍ ഉര്‍ദു പഠിച്ച് മൗലവിമാരാകട്ടെ എന്നാണ് ആഗ്രഹിക്കുന്നത് -യോഗി പറഞ്ഞു. എന്നാല്‍ ഭോജ്പുരി, അവധി, ബ്രജ്, ബുണ്ടേലി തുടങ്ങിയ പ്രാദേശിക ഭാഷകള്‍ സഭയുടെ നടപടിക്രമങ്ങളില്‍ ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ യോഗി പ്രശംസിച്ചു.
നിയമസഭയില്‍ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് മാതാ പ്രസാദ് പാണ്ഡെ വിമര്‍ശിച്ചിരുന്നു. മറ്റ് ഭാഷകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഹിന്ദിയെ ദുര്‍ബലപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു പാണ്ഡെ പറഞ്ഞത്. ഇംഗ്ലീഷ് അനുവദിക്കുകയാണെങ്കില്‍ ഉര്‍ദു ഭാഷയും ഉള്‍പ്പെടുത്തണെന്നും പാണ്ഡെ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് യോഗിയുടെ വിമര്‍ശനം.
യു.പി നിയമസഭയില്‍ സംസാരിക്കാവുന്ന പ്രാദേശിക ഭാഷകളില്‍ സംസ്ഥാനത്തെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയായ ഉര്‍ദുവിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ഉത്തര്‍പ്രദേശിലെ നിയമസഭാംഗങ്ങള്‍ക്ക് ഹിന്ദിക്ക് പുറമേ നാല് പ്രാദേശിക ഭാഷകളിലും ഇംഗ്ലീഷിലും നിയമസഭയില്‍ അനുമതി നല്‍കിയെങ്കിലും ഉര്‍ദു അതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.