ഡല്‍ഹി ഹൈകോടതി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍ നിന്നും കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് പണം കണ്ടെത്തിയെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ജസ്റ്റിസിന്റെ വീട്ടില്‍ തങ്ങള്‍ പണം കണ്ടിട്ടില്ലെന്നാണ് ഡല്‍ഹി ഫയര്‍ സര്‍വീസ് മേധാവി അതുല്‍ ഗാര്‍ഗ് പറയുന്നത്.
ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തമുണ്ടായെന്ന് അറിയിച്ച് രാവിലെ 11.35നാണ് ഫോണ്‍കോള്‍ ലഭിക്കുന്നത്. ഉടന്‍ തന്നെ സംഭവസ്ഥലത്ത് എത്തി 15 മിനിറ്റിനകം തീയണച്ചു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ച് അവിടെ നിന്നും മടങ്ങുകയും ചെയ്തുവെന്ന് ഫയര്‍ഫോഴ്‌സ് മേധാവി പറഞ്ഞു.
സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മക്കെതിരെ ആഭ്യന്തര അന്വേഷണം നടത്താന്‍ സുപ്രീംകോടതിയുടെ ഫുള്‍കോര്‍ട്ട് തീരുമാനിച്ചിരുന്നു. വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി ഹൈകോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപധ്യായോട് സുപ്രീംകോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക വസതിയില്‍ തീ അണക്കാന്‍ എത്തിയ അഗ്‌നിശമനസേന കണക്കില്‍പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തിലാണ് അന്വേഷണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇത്തരം പ്രസ്താവനകളെ തള്ളികളയുന്നതാണ് ഫയര്‍ഫോഴ്‌സ് മേധാവിയുടെ പ്രതികരണം.