ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിനായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സിബിഐക്ക് മുന്നില്‍.
എഎപി പ്രതിഷേധവും സംഘര്‍ഷ സാധ്യതയും കണക്കിലെടുത്ത് സിബിഐ ആസ്ഥാനത്തിന് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ഡല്‍ഹി മന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ ചോദ്യം ചെയ്യലിന് പോകുന്ന കെജരിവാളിനെ അനുഗമിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സിബിഐ ഓഫീസ് പരിസരത്തേക്ക് പ്രവേശിക്കുന്നതിന് കെജരിവാളിന്റെ വാഹനത്തിന് മാത്രമാണ് അനുമതി നല്‍കിയത്.
സിബിഐയുടെ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ മറുപടി നല്‍കുമെന്ന് രാവിലെ കെജരിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റ് ചെയ്യാന് ബിജെപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കില്‍, തന്നെ ഉറപ്പായും സിബിഐ അറസ്റ്റ് ചെയ്യും. അവര്‍ (ബിജെപി) ശക്തരാണ്, അവര്‍ക്ക് ആരെ വേണമെങ്കിലും ജയിലിലിടാമെന്നും കെജരിവാള്‍ പറഞ്ഞു.
ചില ദേശദ്രോഹശക്തികള്‍ രാജ്യത്തിന്റെ വികസനം ആഗ്രഹിക്കുന്നില്ല. താന്‍ അഴിമതിക്കാരന്‍ ആണെന്നാണ് ബിജെപി പറയുന്നത്. താന്‍ ഇന്കം ടാക്‌സില്‍ കമ്മീഷണര്‍ ആയിരുന്നു. വേണമെങ്കില്‍ കോടികള്‍ സമ്പാദിക്കാമായിരുന്നു. താന്‍ അഴിമതിക്കാരന്‍ ആണെങ്കില്‍ ലോകത്തില്‍ ആരും സത്യസന്ധരല്ല. തന്റെ പോരാട്ടം തുടരുമെന്നും കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹി സിബിഐ ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ച എഎപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുമാറ്റി. അതേസമയം, ഡല്‍ഹി മദ്യനയത്തിന്റെ സൂത്രധാരന് കെജരിവാള്‍ ആണെന്നാണ് ബിജെപി ആരോപിക്കുന്നത്.
കെജരിവാളാണ് മദ്യനയത്തിന്റെ കരട് സെക്രട്ടറിക്ക് നല്‍കിയത്. മദ്യവ്യവസായികള്‍ക്ക് 144 കോടി ലാഭം ഉണ്ടാക്കി നല്‍കി. ഇതിന്റെ കമ്മീഷന് കെജരിവാളിന് പോയെന്നും ബിജെപി ആരോപിക്കുന്നുണ്ട്.