നാല്‍പ്പത് ദിവസത്തിനിടെ ഏഴാം തവണയും പാമ്പുകടിയേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍. ഐ.സി.യുവില്‍ ചികിത്സയിലാണ് ഇയാള്‍. യു.പിയിലെ ഫത്തേപ്പൂരിലാണ് സംഭവം. സൗര്‍വ ഗ്രാമത്തിലെ വികാസ് ദുബെ എന്ന യുവാവിനാണ് തുടര്‍ച്ചയായ പാമ്പുകടിയേറ്റത്. ആരോഗ്യനില അങ്ങേയറ്റം അപകടാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
അതേസമയം, തുടര്‍ച്ചയായി പാമ്പുകടിയേല്‍ക്കുമെന്ന കാര്യം വികാസ് സ്വപ്നം കണ്ടിരുന്നുവെന്നാണ് ഇയാളുടെ കുടുംബം പറയുന്നത്. സ്വപ്നത്തില്‍ ഒരു പാമ്പ് മുന്നറിയിപ്പ് നല്‍കിയത്രെ. ഒമ്പതാമത്തെ തവണ പാമ്പുകടിക്കുന്നത് മരണകാരണമാകുമെന്നും പറഞ്ഞുവെന്ന് കുടുംബം പറയുന്നു.
ജൂണ്‍ രണ്ടിനാണ് വികാസിനെ ആദ്യമായി പാമ്പുകടിച്ചത്. വീട്ടിനുള്ളില്‍ വെച്ചായിരുന്നു ഇത്. ആശുപത്രിയില്‍ ചികിത്സക്ക് ശേഷം വീട്ടിലെത്തി. ജൂണ്‍ 10ന് വീണ്ടും പാമ്പുകടിയേറ്റു. ജൂണ്‍ 17നും പാമ്പുകടിച്ചു. നാലാംതവണ കടിയേറ്റതിന് പിന്നാലെ വികാസ് രാധാനഗറിലുള്ള ബന്ധുവീട്ടിലേക്ക് താമസം മാറി. എന്നാല്‍, അവിടെ വെച്ചും കടിയേറ്റു. ഇതോടെ വീണ്ടും വീട്ടിലേക്ക് തന്നെ തിരിച്ചു. ജൂലൈ ആറിന് വീണ്ടും പാമ്പുകടിയേറ്റു. ഇതേത്തുടര്‍ന്ന് ബന്ധുവീടുകളില്‍ മാറിത്താമസിച്ചിട്ടും ഫലമുണ്ടായില്ല. ഏറ്റവുമൊടുവില്‍ ജൂലൈ 11ന് ഏഴാംതവണയും പാമ്പിന്റെ കടിയേറ്റു.
തുടര്‍ച്ചയായ പാമ്പുകടിയേല്‍ക്കുന്നതില്‍ ചികിത്സക്ക് സര്‍ക്കാറിന്റെ സഹായം തേടിയിരിക്കുകയാണ് കുടുംബം. ഒമ്പതാംതവണ കടിയേല്‍ക്കുന്നത് മരണകാരണമാകുമെന്ന് സ്വപ്നംകണ്ടതായി പറയുന്ന വീട്ടുകാര്‍, ഇതോടെ കൂടുതല്‍ ഭയന്നിരിക്കുകയാണ്.