കൗമാര കാൽപന്തുകളിയുടെ വിശ്വരാജാക്കന്മാരെ ഇന്ന് അറിയാം. അണ്ടർ 17 ലോകകപ്പ് ഫൈനലിൽ ജർമനിയും ഫ്രാൻസും നേർക്കുനേർ. വൈകിട്ട് 5.30ന് ഇന്തോനേഷ്യയിലെ സുരകർത്ത മനഹൻ സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം.
യൂറോ ഫൈനലിലെ തോൽവിക്ക് പകരം വീട്ടാൻ ഫ്രാൻസ് ഇറങ്ങുമ്പോൾ, കന്നി കിരീടം തേടിയാണ് ജർമനി എത്തുന്നത്. ബൊറൂസിയ ഡോർട്ട്മുണ്ട് ഫോർവേഡ് പാരീസ് ബ്രണ്ണർ (17) ജർമ്മൻ ആക്രമണത്തെ നയിക്കുന്നത്. സെമിഫൈനലിൽ അർജന്റീനയ്‌ക്കെതിരെ ഇരട്ട ഗോൾ നേടി മികച്ച ഫോമിലാണ് താരം.
സെമിയിൽ മാലിയെ 2-1ന് തോൽപ്പിച്ചാണ് ജീൻ ലൂക്ക് വന്നൂച്ചിയുടെ ഫ്രാൻസ് ഫൈനലിൽ കടന്നത്. പ്രതിരോധമാണ് ഫ്രഞ്ച് കരുത്ത്. ഇതുവരെ ഒരു ഗോൾ മാത്രമാണ് ടീം വഴങ്ങിയത്. ക്വാർട്ടറിലും സെമിഫൈനലിലും നിർണായകമായി മാറിയ റെന്നസ് സ്‌ട്രൈക്കർ മാത്തിസ് ലംബോർഡെ, വലൻസിയൻസ് മിഡ്ഫീൽഡർ ഇസ്മായിൽ ബൗനെബ് എന്നിവരിലും പ്രതീക്ഷകൾ ഏറെയാണ്. 2001ലാണ് ഫ്രാൻസ് ചാമ്പ്യൻമാരായത്.