X

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണം ഇന്നും ഭാഗികം; സമരം കടുപ്പിക്കുമെന്ന് പ്രതിപക്ഷ സര്‍വീസ് സംഘടനകൾ

കടുത്ത സാമ്പത്തിക പ്രതിന്ധിക്കിടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണം ഇന്നും നടന്നത് ഭാഗികമായി മാത്രം. സെക്രട്ടേറിയറ്റ്, പൊലീസ്, എക്സൈസ്, റവന്യു ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കാണു ശമ്പളവിതരണം തടസപ്പെട്ടത്. ഇതില്‍ സമരം കടുപ്പിക്കുകയാണു പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍.

ഒന്നാം തിയതി ശമ്പളം ലഭിക്കുന്ന 40 ശതമാനം പേര്‍ക്ക് മാത്രമാണ് ഇന്നലെ പണം കൈയില്‍ കിട്ടിയതെന്നാണ് പ്രതിഷേധ സമരം നടത്തുന്ന സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നത്. സെക്രട്ടേറിയറ്റ്, പൊലീസ്, എക്സൈസ്, റവന്യു ജീവനക്കാര്‍ക്കാണ് ഒന്നാം തിയതി ശമ്പളം ലഭിക്കേണ്ടത്. ശമ്പളം വിതരണം പൂര്‍ണതോതില്‍ ആകാന്‍ മൂന്ന് ദിവസമെങ്കിലും വേണ്ടിവരുമെന്ന് ധനവകുപ്പ് പറയുന്നു.

പ്രതിസന്ധി തീര്‍ത്തെന്ന് മന്ത്രി പറഞ്ഞതിനു പിന്നാലെ ചിലര്‍ക്കെല്ലാം കിട്ടി. ഭൂരിഭാഗവും ഇനിയും ശമ്പളത്തിനായി കാത്തിരിക്കുകയാണ്. രണ്ടാം പ്രവൃത്തി ദിവസം ശമ്പളം അനുവദിക്കേണ്ട അധ്യാപകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് മുതൽ ശമ്പളം കൊടുത്തു തുടങ്ങണം.

ആദ്യ രണ്ട് പ്രവൃത്തിദിനത്തിൽ ശമ്പള വിതരണത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ മൂന്ന് ദിവസമെങ്കിലും എടുക്കുമെന്നാണ് ധനവകുപ്പ് വിശദീകരിക്കുന്നത്. അതായത് മൂന്നും നാലും പ്രവൃത്തി ദിനം ശമ്പളം കിട്ടേണ്ടവര്‍ക്ക് ഇനിയും കാത്തിരിക്കണം.

കേന്ദ്രത്തിൽനിന്ന് കിട്ടാൻ അര്‍ഹതയുള്ളത് 13,608 കോടി രൂപയാണ്. നാളെ സുപ്രിംകോടതി കേസ് പരിഗണിക്കുമ്പോൾ ഇത് ലഭ്യമാകുന്ന വിധം ഇടക്കാല വിധിയുണ്ടാകുമെന്നാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്.

webdesk13: