സംസ്ഥാന സര്‍ക്കാറിന്റെ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴിലുറപ്പാണെങ്കിലും കൂലി ഉറപ്പില്ല. 2023-24 സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 86.24 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. ആറ് മാസത്തോളമായി പല ജില്ലകളിലും കൂലി കൊടുത്തിട്ടില്ല. കൂലി കിട്ടാതെ വന്നതോടെ തൊഴിലുറപ്പ് കൊണ്ട് കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്ന ഈ പദ്ധതിയിലെ മൂന്ന് ലക്ഷത്തോളം പേരാണ് പെരുവഴിയിലായത്.
ഇതില്‍ 90 ശതമാനവും സ്ത്രീകളാണ്. അനുവദിച്ച പണം പോലും ട്രഷറിയില്‍നിന്ന് കിട്ടാത്ത അവസ്ഥയുമുണ്ട്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം സംസ്ഥാന സര്‍ക്കാര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധികളില്‍ നടപ്പാക്കിയ പദ്ധതിയാണിത്. 333 രൂപയാണ് ഒരു ദിവസത്തെ കൂലി. പണി പൂര്‍ത്തിയായി 14 ദിവസത്തിനകം കൂലി നല്‍കണമെന്നാണ് വ്യവസ്ഥ.