ആഫ്രിക്കന്‍ രാജ്യമായ മലാവി വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമയും 9 ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന സൈനിക വിമാനം തകര്‍ന്നു. യാത്രക്കാരെല്ലാം മരണപ്പെട്ടതായി മലാവി പ്രസിഡന്റിന്റെ ഓഫീസ് സ്ഥിരീകരിച്ചു.
രാവിലെ 9.17നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. തലസ്ഥാനമായ ലിലോങ്വേയില്‍നിന്ന് പറന്നുയര്‍ന്ന വിമാനം വൈകാതെ റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. പത്തരയോടെ മലാവിയുടെ വടക്കന്‍ മേഖലയിലുള്ള മസുസുവിലെ വിമാനത്താവളത്തിലായിരുന്നു വിമാനം ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. മുന്‍ കാബിനറ്റ് മന്ത്രിയായിരുന്ന റാല്‍ഫ് കസാംബാരയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി പുറപ്പെട്ടതായിരുന്നു സംഘം.
ചിലിമയുടെ ഭാര്യ മേരിയും വൈസ് പ്രസിഡന്റിന്റെ യുണൈറ്റഡ് ട്രാന്‍സ്ഫോര്‍മേഷന്‍ മൂവ്മെന്റ് (യുടിഎം) പാര്‍ട്ടിയിലെ നിരവധി ഉദ്യോഗസ്ഥരും വിമാനം കാണാതാകുമ്പോള്‍ വിമാനത്തില്‍ ഉണ്ടായിരുന്നു.പത്ത് വര്‍ഷമായി മലാവിയുടെ വൈസ് പ്രസിഡന്റാണ് സോളോസ് ചിലിമ. ബഹുരാഷ്ട്ര കമ്പനികളായ കൊക്ക കോളയിലും യൂണിലിവറിലും സുപ്രധാന പദവികള്‍ വഹിച്ച ശേഷമാണ് സോളോസ് ചിലിമ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.
യുഎസ്, ബ്രിട്ടന്‍, നോര്‍വേ, ഇസ്റാഈല്‍ എന്നിവയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ ഗവണ്‍മെന്റുകളുമായി താന്‍ ഇതിനകം ബന്ധപ്പെട്ടിട്ടുണ്ടെന്നും എല്ലാവരും തെരച്ചിലിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.