കെ ഫോണില്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത കേബിളില്‍ ഇന്ത്യന്‍ കമ്പനിയുടെ സീല്‍ പതിപ്പിച്ചാണ് നല്‍കിയിരിക്കുന്നതെന്ന ആരോപണം പ്രതിപക്ഷമാണ് ആദ്യമായി ഉന്നയിച്ചതെന്ന് വി.ഡി സതീശന്‍. എന്നാല്‍ മുഖ്യമന്ത്രി അതിനെ പരിഹസിച്ചു. കുടില്‍ വ്യവസായത്തിന് പോലും ഓണ്‍ലൈനായി സാധനങ്ങള്‍ വരുത്തുന്ന കാലത്ത് അപരിഷ്‌കൃത ചിന്തയുമായി നടക്കുന്ന ആളാണ് പ്രതിപക്ഷ നേതാവെന്നും പറഞ്ഞു. കുടില്‍ വ്യവസായത്തിന് ഓണ്‍ലൈനായി സാധനം വാങ്ങുന്നതു പോലെയാണോ കെ ഫോണിന് ചൈനയില്‍ നിന്നും കേബിള്‍ വരുത്തുന്നത്? ഇന്ത്യ നിര്‍മ്മിത കേബിള്‍ മാത്രമെ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥ ടെന്‍ഡറില്‍ എഴുതി വച്ചിട്ടാണ് ചൈനയില്‍ നിന്നും നിലവാരമില്ലാത്ത കേബിള്‍ ഇറക്കുമതി ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
ചൈനീസ് കേബിള്‍ ഉപയോഗിച്ചിട്ടില്ലെന്ന് കെ ഫോണ്‍ എം.ഡിയെക്കൊണ്ട് പറയിപ്പിച്ചു. ഇപ്പോള്‍ ചൈനയില്‍ നിന്നും കേബിള്‍ വരുത്തി എന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തെളിവില്ലാതെ പ്രതിപക്ഷം ഒരു ആരോപണങ്ങളും ഉന്നയിക്കാറില്ല. ചൈനയില്‍ നിന്നാണ് കേബിളുകള്‍ വാങ്ങിയത് എന്നതിന്റെ ആധികാരിക രേഖകള്‍ പ്രതിപക്ഷത്തിന്റെ പക്കലുണ്ട്. ഇപ്പോള്‍ പരിശോധിക്കാമെന്നാണ് പറയുന്നത്. എ.ഐ ക്യാമറയ്‌ക്കെതിരായ ഹര്‍ജി അടുത്ത ദിവസം തന്നെ ഫയല്‍ ചെയ്യും. കൊണ്ടോട്ടി പുളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ ആത്മഹത്യ ചെയ്ത റസാഖ് പയമ്പ്രോട്ടിന്റെ വീട് സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.