X

പറ്റിച്ചത് പഞ്ചവര്‍ണ തത്തയെ തരാമെന്ന് പറഞ്ഞ്; ഓണ്‍ലൈന്‍ വഴി തട്ടിയത് മൂന്നര ലക്ഷം രൂപ; യുവാവ് പൊലീസ് പിടിയില്‍

പഞ്ചവര്‍ണതത്തയെ വില്‍ക്കാനുണ്ടെന്ന് പറഞ്ഞുപറ്റിച്ച് ഓണ്‍ലൈന്‍വഴി പലരില്‍നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവ് പൊലീസ് പിടിയില്‍. വളാഞ്ചേരി പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വടശ്ശേരിക്കോണം സ്വദേശി റിയാസ് എന്ന് വിളിക്കുന്ന നിവിന്‍ ജെ ഫെര്‍ണാണ്ടസാണ് കേസില്‍ പിടിയിലായത്.

ഫേസ്ബുക്ക്, വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയും ഓണ്‍ലൈന്‍ മുഖാന്തരവും പഞ്ചവര്‍ണത്തത്തകള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ് എന്ന വ്യാജ പരസ്യം നല്‍കിയായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പരാതി ഉയര്‍ന്നതോടെ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ തമിഴ്‌നാട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ റിയാസിനെ റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്.

പഞ്ചവര്‍ണത്തയെ നല്‍കാമെന്ന് പറഞ്ഞുകൊണ്ട് മൂന്നരലക്ഷം രൂപയ്ക്ക് വില്‍പ്പന കരാറാക്കി ഇയാള്‍ പലരില്‍നിന്ന് പണം തട്ടുകയായിരുന്നു. പിന്നീട് റിയാസിന്റെ വിവരം ഒന്നും ഇല്ലാതായതോടെ കബളിപ്പിക്കപ്പെട്ട ഇരിമ്പിളിയം സ്വദേശി വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ സമാന പരാതിയുമായി കൂടുതല്‍ പേര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് എല്ലാ പരാതികളും ഒറ്റക്കേസായി രജിസ്റ്റര്‍ ചെയ്ത് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്. പരാതിക്കാരനായ ഇരിമ്പിളിയം സ്വദേശിയില്‍നിന്ന് രണ്ടുലക്ഷത്തിലേറെ രൂപ തട്ടിയെടുത്തശേഷം മുന്നറിയിപ്പൊന്നും കൂടാതെ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു റിയാസ്. തുടര്‍ന്ന് പരാതിക്കാരുടെ തന്ത്രപരമായ നീക്കത്തില്‍ പ്രതി ഒളിവില്‍ക്കഴിയുന്ന സ്ഥലം തിരിച്ചറിയുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.

webdesk14: