കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ നഗരസഭാ അധികൃതര്‍ പൂക്കളെടുത്തു കൊണ്ടുപോയതായി കച്ചവടക്കാരിയുടെ പരാതി. സെന്‍ട്രല്‍ ജംക്ഷനിലാണു സംഭവം. മഹേശ്വരി എന്ന തമിഴ്‌നാട്ടുകാരിയാണ് പരാതി പറയുന്നത്. സെന്‍ട്രല്‍ ജംക്ഷനിലെ പെട്ടിക്കടകളില്‍ ഒന്നിലാണ് ഇവര്‍ കച്ചവടം ചെയ്യുന്നത്. ഈ പെട്ടിക്കടകള്‍ ഇവിടെ നിന്ന് ഒഴിപ്പിക്കാനുള്ള നടപടികളുമായി നഗരസഭ മുന്നോട്ടു പോകുന്നതിനിടെയാണ് സംഭവം.
അധികൃതര്‍ എത്തി പൂക്കളും മറ്റും എടുത്തു മാറ്റുന്നതിനിടെ പ്രതിപക്ഷ നേതാവ് സ്ഥലത്തെത്തി. തുടര്‍ന്ന് ഉദ്യോഗസ്ഥരും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതോടെ ഉദ്യോഗസ്ഥര്‍ നടപടിയില്‍നിന്നു പിന്മാറുകയായിരുന്നു. നവരാത്രിയുടെ ഭാഗമായി എത്തിച്ച പൂക്കളാണ് നഷ്ടപ്പെട്ടത്. ഇനി കടം വാങ്ങി വേണം ഈ പൂക്കള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കാനെന്നു മഹേശ്വരി. മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഈ കട മഹേശ്വരി മേല്‍വാടകയ്ക്കാണ് നടത്തുന്നത്.
അതേ സമയം ഉദ്യോഗസ്ഥര്‍ പൂക്കള്‍ എടുത്തുകൊണ്ടുപോയിട്ടില്ലെന്നു നഗരസഭാധ്യക്ഷ. ഈ പെട്ടിക്കട ഇവിടെ നിന്ന് ബസ് സ്റ്റാന്‍ഡിലേക്കു മാറ്റാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ ഇവിടെയുള്ള പെട്ടിക്കടകളെല്ലാം മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്നലെ കയ്യേറ്റം ഒഴിപ്പിക്കാനാണ് ഉദ്യോഗസ്ഥര്‍ പോയത്. നിലവില്‍ ഈ കച്ചവടക്കാരിക്ക് ലൈസന്‍സും പെര്‍മിറ്റുമില്ല. ഇവര്‍ നഗരസഭയില്‍ ടാക്‌സും അടയ്ക്കുന്നില്ലെന്നാണ് പറയുന്നത്.