X

അവിശ്വാസ പ്രമേയം; എല്‍ഡിഎഫ് പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റിനെ പദവിയില്‍ നിന്ന് പുറത്താക്കി

പനമരം: വയനാട്ടിലെ പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയത്തില്‍ സിപിഎം പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റിനെ പദവിയില്‍ നിന്ന് പുറത്താക്കി. യുഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയം ഇന്ന് രാവിലെ ചര്‍ച്ചയ്ക്കെടുക്കുകയായിരുന്നു. എല്‍ഡിഎഫും ബിജെപിയും ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നിരുന്നു. പഞ്ചായത്ത് പ്രസിഡന്റ ആസ്യയ്ക്കെതിരായ അവിശ്വാസ പ്രമേയം പാസായത് എല്‍ഡിഎഫിന് തിരിച്ചടിയായി.

23 അംഗങ്ങള്‍ ഉള്ള പനമരം ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് 11, യുഡിഎഫ് 11, ബിജെപി 1 എന്നിങ്ങനെയാണ് കക്ഷി നില. പ്രസിഡന്റിനെതിരെ യുഡിഎഫ് അംഗങ്ങള്‍ കൊണ്ട് വന്ന അവിശ്വാസപ്രമേയം ഇന്ന് രാവിലെ പനമരം ബ്ലോക്ക് സെക്രട്ടറി ഷീബയുടെ സാന്നിധ്യത്തിലാണ് ചര്‍ച്ചയ്ക്ക് എടുത്തത്.

നേരത്തെ നറുക്കെടുപ്പിലൂടെയായിരുന്നു സിപിഎമ്മിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. വൈസ് പ്രസിഡന്റായി കോണ്‍ഗ്രസിലെ തോമസ് പാറക്കാലയിലും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. കാലാവധി പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ആവിശ്വാസ പ്രമേയത്തിലൂടെ സിപിഐഎം പ്രതിനിധിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായിരിക്കുന്നത്. പ്രസിഡന്റിനെ പുറത്താക്കിയതില്‍ ആഹ്‌ളാദം പ്രകടിപ്പിച്ചു യുഡിഫ് പ്രവര്‍ത്തകര്‍ പനമരം ടൗണില്‍ പ്രകടനം നടത്തി.

webdesk18: