X

താനൂർ ദുരന്തത്തിൽ മരിച്ച പതിനൊന്ന് പേരുടെ കുടുംബത്തിന് മുസ് ലിം ലീഗ് വീട് നിർമിച്ച് നൽകും

മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട ഹതഭാഗ്യരെ സഹായിക്കാൻ മുസ്ലിം ലീഗ് തീരുമാനിച്ചു. പതിനൊന്നു പേർ മരണപ്പെട്ട പരപ്പനങ്ങാടി പുത്തൻ കടപ്പുറത്തെകുടുബത്തിന്റെ ചിരകാലത്തെ വീട് എന്ന സ്വപ്നം മുസ്ലിം ലീഗ് പാർട്ടി സാക്ഷാൽക്കരിക്കും. പരപ്പനങ്ങാടി പുത്തൻകടപുറത്തെ പരേതനായ കുന്നുമ്മൽ അബൂബക്കർ എന്നവരുടെ മക്കളായ സൈതലവിയുടെയും സിറാജിന്റെയും ഭാര്യമാരും മക്കളുമാണ് ബോട്ടപകടത്തിൽ മരിച്ച 9 പേർ. ഇവരുടെ സഹോദരിയും മകളുമടക്കം ഈ കുടുംബത്തിന് നഷ്ടപ്പെട്ടത് 11 വിലപ്പെട്ട ജീവനുകളാണ്. ഈ കുടുംബത്തിനാണ് മുസ്ലിം ലീഗ് വീട് നിർമിച്ചു നൽകാൻ തീരുമാനിച്ചത്.

താനൂർ ഓലപ്പീടികയിൽ പിതാവും രണ്ടു സഹോദരങ്ങളും ബോട്ടപകടത്തിൽ നഷ്ടപ്പെട്ട ജുനൈദ് (15), ഫാതിമ റജുവ (7) എന്നിവരുടെ തുടർ വിദ്യാഭ്യാസ ചിലവുകൾ വഹിക്കാനും പാർട്ടി തീരുമാനിച്ചു. ജൂനൈദിന്റെ പിതാവ് കാട്ടിൽപീടിയേക്കൽ സിദ്ദീഖും മറ്റു രണ്ടു മക്കളും ബോട്ടപകടത്തിൽ മരണപ്പെട്ടു. മറ്റു ദൂരിതബാധിതരുടെ കാര്യങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ സഹായങ്ങൾ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. പാണക്കാട് ചേർന്ന അടിയന്തര നേതൃയോഗത്തിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ.സലാം, കെ.പി. എ മജീദ് പങ്കെടുത്തു.

webdesk13: