X

കാണാതായ അമ്മയെയും അഞ്ച് പിഞ്ചുമക്കളെയും വയനാട്ടിലെത്തിച്ചു; ബന്ധുവീട്ടിൽ പോകാൻ താൽപര്യമില്ലെന്ന് മാതാവ്

വയനാട്ടില്‍ നിന്ന് നാലു ദിവസമായി കാണാതായ അമ്മയെയും അഞ്ച് പിഞ്ചുമക്കളെയും തിരികെ എത്തിച്ചു. ഇന്ന് പുലര്‍ച്ചെയാണ് പൊലീസ് കല്‍പറ്റയിലെത്തിച്ചത്. ബന്ധുവീട്ടില്‍ പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇവരെ കല്‍പറ്റ ‘സ്‌നേഹിത’യിലേക്ക് മാറ്റി. ചെറിയ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ‘സ്‌നേഹിത’യിലേക്ക് മാറ്റിയതെന്ന് പൊലീസ് അറിയിച്ചു.

വയനാട് കമ്പളക്കാട് നിന്ന് കാണാതായ കുടുംബത്തെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നാണ് കണ്ടെത്തിയത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയില്‍ നിന്നാണ് അമ്മയേയും കുട്ടികളേയും കണ്ടെത്തിയത്. പനമരം കൂടോത്തുമ്മലില്‍ നിന്നു കാണാതായ വമിജ (45), മക്കളായ വൈഷ്ണവ് (12) വൈശാഖ് (10), സ്‌നേഹ (9), അഭിജിത് (6), ശ്രീലക്ഷ്മി (4) എന്നിവരെ കണ്ടെത്തിയത്. സെപ്റ്റംബര്‍ 18നാണ് ഇവരെ കാണാതായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഫറോക്ക്, രാമനാട്ടുകര, കണ്ണൂര്‍, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ ഇവര്‍ പോയതിന് ശേഷമാണ് ഗുരുവായൂരില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. കുടുംബ പ്രശ്‌നം മൂലമാണ് നാടുവിട്ടതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഭര്‍ത്താവും ബന്ധുക്കളും തന്നെയും കുട്ടികളെയും മര്‍ദ്ദിച്ചുവെന്ന് യുവതി ആരോപിക്കുന്നു. മര്‍ദനത്തെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് നാടുവിട്ടത്.

webdesk14: