യുപി: അയോധ്യയില്‍ മസ്ജിദ് നിര്‍മിക്കാനായി സുപ്രിം കോടതി സുന്നി വഖഫ് ബോര്‍ഡിന് അനുവദിച്ച അഞ്ചേക്കര്‍ സ്ഥലം തിരിച്ചെടുക്കണമെന്ന് യുപി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് ബിജെപി നേതാവ് രജനീഷ് സിങ്. ഇവിടെ പള്ളി നിര്‍മിക്കാനായിരുന്നില്ല ഉദ്ദേശ്യം എന്നും സിങ് അവകാശപ്പെട്ടു.
നീണ്ട അയോധ്യ തര്‍ക്കത്തിന് ശേഷം 2019 നവംബര്‍ ഒമ്പതിന് വിധി വന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. വിധി പ്രകാരം ബാബരി മസ്ജിദ് പൊളിച്ചയിടത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ അനുവദിക്കുകയും അയോധ്യയിലെ തന്നെ ധന്നിപൂരില്‍ പള്ളി പണിയുന്നതിനായി അഞ്ചേക്കര്‍ അനുവദിക്കുകയുമായിരുന്നു.
മുസ്ലിം സംഘടനയായ സുന്നി വഖഫ് ബോര്‍ഡിനായിരുന്നു മസ്ജിദ് നിര്‍മിക്കാന്‍ അനുവാദം ലഭിച്ചത്. മസ്ജിദിന്റെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഇന്തോഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മസ്ജിദ് നിര്‍മിക്കാനല്ല മുസ്‌ലിം സമുദായം ശ്രമിക്കുന്നത്, ഒരു മസ്ജിദിന്റെ മറവില്‍ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് ബിജെപി നേതാവിന്റെ ആരോപണം.
‘സുപ്രിം കോടതിയുടെ വിധിക്ക് വിപരീതമായി സുന്നി സെന്‍ട്രന്‍ വഖഫ് ബോര്‍ഡിന് അനുവദിച്ച സ്ഥലം മസ്ജിദിന്റെ നിര്‍മാണത്തിനായി ഏല്‍പ്പിച്ചവര്‍ മറ്റ് ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. മുസ്‌ലിം സമുദായത്തിന്റെ ലക്ഷ്യം ഒരിക്കലും അനുവദിച്ച സ്ഥലത്ത് പള്ളി നിര്‍മിക്കലായിരുന്നില്ല, പള്ളി എന്ന പേരില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കലായിരുന്നു. എന്നാല്‍ മുസ്‌ലിംകള്‍ക്ക് അവരുടെ ലക്ഷ്യം താങ്കളുടെ ഭരണത്തിന്റെ കീഴില്‍ നടത്താനായിട്ടില്ല’ എന്നാണ് രജനീഷ് സിങ് യോഗിക്കെഴുതിയ കത്തില്‍ കുറിച്ചിരിക്കുന്നത്.
മുസ്‌ലിം സമുദായത്തിന് പ്രാര്‍ഥനയ്ക്ക് പള്ളികള്‍ ആവശ്യമില്ലെന്നും പള്ളി നിര്‍മാണം എന്ന പേരില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥയും ഭിന്നതയും നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ് എന്നും ബിജെപി നേതാവ് കത്തില്‍ കൂട്ടിച്ചേര്‍ത്തു.
2022ല്‍ താജ്മഹല്‍ തേജോ മഹാലയ എന്ന ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചയാളാണ് രജനീഷ് സിങ്. ബിജെപി നേതാവിന്റെ ആരോപണത്തില്‍ പ്രതികരിക്കാന്‍ അയോധ്യ മസ്ജിദ് സെക്രട്ടറി അത്തര്‍ ഹുസൈന്‍ വിസമ്മതിച്ചു.