മലപ്പുറം: താന്‍ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണം പരിതാപകരമെന്ന് പി വി അന്‍വര്‍ എംഎല്‍എ. പാര്‍ട്ടി അഭ്യര്‍ത്ഥന മാനിച്ച് ഇനി മാധ്യമങ്ങളെ കാണേണ്ട എന്ന് കരുതിയതാണ്. എന്നാല്‍ എസ്പി ഓഫീസിലെ മരംമുറി ഉള്‍പ്പെടെ താന്‍ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണം കൃത്യമായി നടക്കുന്നില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞു.
‘‘എസ്പി ഓഫിസിലെ മരംമുറി കേസിൽ അന്വേഷണം തൃപ്തികരമല്ല. സ്വർണക്കടത്ത് കേസിലും റിദാന്റെ കൊലപാതകത്തിലും അന്വേഷണം കാര്യക്ഷമമല്ല. പാർട്ടി നൽകിയ ഉറപ്പ് പാടെ ലംഘിക്കുകയാണ്. എടവണ്ണ കേസിലെ തെളിവുകൾ പരിശോധിച്ചില്ല. പി.വി.അൻവർ കള്ളക്കടത്ത് കേസിലെ ആളാണോയെന്ന സംശയം മുഖ്യമന്ത്രി കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ ഇട്ടു കൊടുക്കുകയായിരുന്നു. കള്ളക്കടത്തുകാരെ ഞാൻ മഹത്വവൽകരിക്കുന്നുവെന്ന പ്രസ്താവനയെും എനിക്ക് ഡാമേജുണ്ടാക്കി. മുഖ്യമന്ത്രി ഇത്രയും കടന്നു പറയേണ്ടിയിരുന്നില്ല. മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കുകയായിരുന്നു. പാർട്ടി തിരുത്തുമെന്ന് കരുതിയിട്ടും തിരുത്തിയില്ല. തന്റെ പ്രതീക്ഷ മുഴുവൻ പാർട്ടിയിലായിരുന്നു. എട്ടു വർഷമായല്ല താൻ പാർട്ടിയിൽ നിൽക്കുന്നത് അന്‍വർ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
മലപ്പുറം മുന്‍ എസ് പി സുജിത് ദാസ്, എഡിജിപി എം ആര്‍ അജിത് കുമാര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി എന്നിവര്‍ക്കെതിരെയായിരുന്നു പി വി അന്‍വറിന്റെ ആരോപണം. മലപ്പുറത്തെ സ്വര്‍ണം പൊട്ടക്കല്‍ പൊലീസിന്റെ അറിവോടെയെന്നായിരുന്നു അന്‍വറിന്റെ ആരോപണം. അതിന് ചുക്കാന്‍ പിടിക്കുന്നത് സുജിത് ദാസാണെന്നും അന്‍വര്‍ ആരോപിച്ചു. എഡിജിപി അജിത് കുമാര്‍ കൊടും ക്രിമിനലെന്നായിരുന്നു അന്‍വറിന്റെ ആരോപണം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണ് ആഭ്യന്ത വകുപ്പ് ഭരിക്കുന്നതെന്നായിരുന്നു അന്‍വറിന്റെ മറ്റൊരു ഗുരുതര ആരോപണം.