X

കുടുംബത്തിന്റെ പ്രതിഷേധം; സിദ്ധാര്‍ത്ഥന്റെ വീടിന് മുന്നില്‍ സ്ഥാപിച്ച സി.പി.എമ്മിന്റെ ബോര്‍ഡ് എടുത്തുമാറ്റി

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി  സിദ്ധാര്‍ത്ഥന്റെ വീടിന് മുന്നില്‍ സ്ഥാപിച്ച സി.പി.എമ്മിന്റെ ബോര്‍ഡ് എടുത്തുമാറ്റി . സിദ്ധാര്‍ത്ഥ് എസ്.എഫ്.ഐ പ്രവര്‍ത്തകനെന്ന് ചൂണ്ടിക്കാട്ടിയുള്ള ഫ്ളക്സ് സി.പി.എം പ്രാദേശിക നേതൃത്വമാണ് സ്ഥാപിച്ചത്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ക്രിമിനലുകളെയും അറസ്റ്റ് ചെയ്യണമെന്നും ഫ്ളക്സില്‍ പറഞ്ഞിരുന്നു.

സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും പേരിലായിരുന്നു ഫ്‌ളക്‌സ് ഉണ്ടായിരുന്നത്. ‘സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ക്രിമിനലുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും കൃത്യമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്യുക. നീതിക്കായി എന്നും കുടുംബത്തോടൊപ്പം’, എന്നാണ് ബോര്‍ഡിലെഴുതിയിരുന്നത്.

വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വര്‍ഷ വെറ്ററിനറി സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാര്‍ത്ഥനെ ഫെബ്രുവരി 18-ന് ഉച്ചയ്ക്ക് ഒന്നരയോടെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സിദ്ധാര്‍ഥ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.

കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്‌സും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ച് കെട്ടിതൂക്കിയെന്നും ആരോപണം ഉയര്‍ന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് പ്രതികളെന്നും കുടുംബവും സുഹൃത്തുക്കളും ആരോപിച്ചു.

അതേസമയം, സിദ്ധാര്‍ത്ഥനെ കോളേജ് പരിസരത്ത് നാലിടത്ത് വെച്ച് സംഘം മര്‍ദ്ദിച്ചതായി ആന്റി റാഗിങ്ങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കോളേജ് ഹോസ്റ്റലിന്റെ നടുമുറ്റം, കോളേജ് ഹോസ്റ്റല്‍, ഹോസ്റ്റലിന് സമീപത്തെ കുന്ന്, ഡോര്‍മെറ്ററിക്ക് അകത്ത് എന്നിവിടങ്ങളില്‍ വെച്ചാണ് മര്‍ദ്ദനമുണ്ടായത്. ഹോസ്റ്റലില്‍ കിടന്നുറങ്ങിയ വിദ്യാര്‍ത്ഥിയെ വിളിച്ച് മര്‍ദനം ‘ഡെമോ’ പോലെ കാണിച്ചു കൊടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

webdesk13: