മുഗള്‍ ചക്രവര്‍ത്തി ഓറംഗസേബിന്റെ ശവകുടീരം നീക്കണമെന്നാവശ്യം; ഹിന്ദുത്വസംഘടനകള്‍ക്കെതിരെ സാമ്‌ന

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റ ശവകുടീരം നീക്കണമെന്നാവശ്യപ്പെടുന്ന ഹിന്ദുത്വ സംഘടനകള്‍ക്കെതിരെ ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയുടെ മുഖപത്രമായ സാമ്ന. ശവകുടീരം ബാബരി മാതൃകയില്‍ തകര്‍ക്കുമെന്നും നീക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നുമടക്കമുള്ള ഹിന്ദുത്വയുടെ ഭീഷണികളും സംഘര്‍ഷങ്ങളും നടക്കുന്നതിനിടെയാണ് സാമ്നയുടെ വിമര്‍ശനം.

ഔറംഗസീബിന്റെ ശവകുടീരം ബാബരി മാതൃകയില്‍ തകര്‍ക്കണമെന്ന വാദം ചരിത്രത്തെ വളച്ചൊടിക്കാനും മറാത്ത യോദ്ധാക്കളുടെ പാരമ്പര്യത്തെ അപമാനിക്കാനും ഹിന്ദുത്വത്തെ തീവ്രവാദമാക്കി മാറ്റാനുമുള്ള ശ്രമമാണെന്നാണ് സാമ്ന വിമര്‍ശിക്കുന്നത്. നിലവില്‍ പ്രശ്നങ്ങളുണ്ടാക്കുന്നവര്‍ മഹാരാഷ്ട്രയുടെ പൈതൃകത്തിന്റെ ശത്രുക്കളാണെന്നും സംസ്ഥാനത്തിന്റെ ക്രമസമാധാനമടക്കം വിഷലിപ്തമാക്കാനും സ്വയം ഹിന്ദു താലിബാനായി അവതരിപ്പിക്കാനുമാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും മുഖപത്രം വിമര്‍ശിക്കുന്നു.

ഇത് ഹിന്ദുത്വത്തെ വികലമാക്കുകയാണെന്നും ശിവജി മഹാരാജിന്റെ സ്വരാജ്യ ആദര്‍ശത്തെ അനാദരിക്കലുമാണെന്നും ശിവജിയും മറാത്തകളും 25 വര്‍ഷത്തോളം അടിച്ചമര്‍ത്തലിനെതിരെ പോരാടിയെന്നും ഒടുവില്‍ പരാജിത നായ ഔറംഗസേബിന്റെ അന്ത്യം മഹാരാഷ്ട്രയില്‍ തന്നെ സംഭവിച്ചുവെന്നും മുഖപത്രത്തില്‍ പറയുന്നു.

മഹാരാഷ്ട്രയില്‍ ഔറംഗസേബിന്റെ ശവകുടിരം മുഗള്‍ ആധിപത്യത്തിന്റെ അടയാളമായല്ലെന്നും മറാത്തകളുടെ പ്രതിരോധശേഷിയുടെ പ്രതീകമായാണ് നിലനില്‍ക്കുന്നതെന്നും സാമ്നയില്‍ പറയുന്നു. 1681ല്‍ എട്ട് ലക്ഷം പേരടങ്ങുന്ന സൈന്യവുമായി ഔറംഗസേബ് മഹാരാഷ്ട്രയിലെത്തിയത് പ്രദേശത്ത് രണ്ടാം ദല്‍ഹി സ്ഥാപിച്ച് മറാത്തകളെ തകര്‍ക്കാനാണെന്നും സാമ്നയില്‍ പറയുന്നു.

വിപുലമായ സൈനികശേഷി ഉണ്ടായിട്ടും 1707ല്‍ ലക്ഷ്യം കൈവരിക്കാനാകാതെയാണ് മരിച്ചതെന്നും ശവകുടീരം അദ്ദേഹത്തിന്റെ പരാജയത്തിന്റെയും മറാത്തകളുടെ വിജയത്തിന്റെയും തെളിവാണിതെന്നും സാമ്ന എഴുതി. യഥാര്‍ഥ ഹിന്ദുത്വ അന്ധമായ നാശമല്ലെന്നും മറിച്ച് ശിവജി വിശദീകരിച്ചതുപോലെ ബഹുമാനം, സമഹിഷ്ണുത, ജ്ഞാനം എന്നിവയാണെന്നും സംസ്ഥാനത്തിന്റെ മഹത്തായ ഭൂതകാലത്തെ തകര്‍ക്കുന്ന പ്രകോപന പ്രവ്യത്തികളില്‍ ഏര്‍പ്പെടാതെ യഥാര്‍ഥ ചരിത്രം പഠിക്കണമെന്നും സാമ്ന ആവശ്യപ്പെടുന്നുണ്ട്.

അതേസമയം പത്രത്തിന്റെ എഡിറ്റോറിയലിനെതിരെ ബി.ജെ.പി വ്യാപകമായി വിമര്‍ശനമുന്നയിക്കുന്നുണ്ട്. സാമ്നയില്‍ ഇത്തരമൊരു വിമര്‍ശനമുണ്ടാകുമെന്ന് ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലെന്നും ബി.ജെ.പി ആരോപിച്ചു.

webdesk13:
whatsapp
line