X

ബ്രിജ് ഭൂഷണിനെതിരായ ലൈംഗിക പീഡനക്കേസ് ഇന്ന് കോടതി പരിഗണിക്കും

ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാതിക്രമക്കേസ് ഇന്ന് കോടതി പരിഗണിക്കും. ജനപ്രതിനിധികള്‍ക്കെതിരെയുളള കേസുകള്‍ കൈകാര്യം ചെയ്യുന്ന ഡല്‍ഹി അഡിഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുക. പൊലീസ് കുറ്റപത്രത്തിന്മേലുള്ള തുടര്‍നടപടികള്‍ കോടതി ഇന്ന് തീരുമാനിക്കും. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചെങ്കിലും പൊലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് കോടതിയെ അറിയിച്ചിരുന്നു.

ബ്രിജ് ഭൂഷണെതിരായ പരാതി വ്യാജമെന്ന് പ്രായപൂര്‍ത്തിയാവാത്ത താരത്തിന്റെ പിതാവ് വെളിപ്പെടുത്തിയത് കേസിനെ ദുര്‍ബലപ്പെടുത്തിയിരുന്നു. പൂര്‍വ വൈരാഗ്യത്തെ തുടര്‍ന്നാണ് വ്യാജ പരാതി നല്‍കിയതെന്ന് ഇയാള്‍ വെളിപ്പെടുത്തി. വാര്‍ത്ത ഏജന്‍സിയായ പിടിഐയോടാണ് പ്രതികരണം.

ദേശീയ ടീമില്‍ സെലക്ഷന്‍ ലഭിക്കാത്തതിന് കാരണം ബ്രിജ് ഭൂഷണ്‍ ആയിരുന്നു. അതിന്റ വൈരാഗ്യത്തിനാണ് പരാതി നല്‍കിയത്. ഏഷ്യന്‍ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പ് ട്രയല്‍സില്‍ മകള്‍ക്ക് യോഗ്യത ലഭിക്കാത്തതില്‍ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. അതിനാലാണ് വ്യാജ പരാതി എന്ന് വെളിപ്പെടുത്തുന്നത് എന്നും പിതാവ് പറഞ്ഞു.

അതേസമയം, കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് പ്രായപൂര്‍ത്തിയാകാത്ത ഗുസ്തിതാരം ബ്രിജ് ഭൂഷണെതിരായ മൊഴി മാറ്റിയത് എന്ന് സാക്ഷി മാലിക് പറഞ്ഞു. കേസില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കടുത്ത സമ്മര്‍ദമാണ് തങ്ങള്‍ അനുഭവിക്കുന്നതെന്ന് സാക്ഷി മാലികും ബജ്രംഗ് പുനിയയും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.

പരാതി ഉന്നയിക്കുകയും സമരം ചെയ്യുകയും ചെയ്ത ഗുസ്തി താരങ്ങളെ ഭീഷണിപ്പെടുത്താന്‍ ബ്രിജ് ഭൂഷണ് ആളുകളുണ്ട്. സമ്മര്‍ദത്തിന് വഴങ്ങിയാണ് ആ പെണ്‍കുട്ടി ബ്രിജ് ഭൂഷണെതിരായ മൊഴി മാറ്റിപ്പറഞ്ഞത്. പെണ്‍കുട്ടിയുടെ പിതാവ് കടുന്ന മാനസികസമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഗുസ്തി താരങ്ങള്‍ പറഞ്ഞു.

webdesk13: