X

മണിപ്പുരില്‍ ഭരണഘടന സംവിധാനം തകര്‍ന്നു, ഡി.ജി.പി നേരിട്ട് ഹാജരാവണം;അതിരൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

മണിപ്പുരില്‍ ഭരണഘടന സംവിധാനം തകര്‍ന്നുവെന്നും ക്രമസമാധാനം തകര്‍ന്നിടത്ത് എങ്ങനെ നീതി നടപ്പാക്കുമെന്നും സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മണിപ്പുര്‍ വിഷയത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.കലാപത്തില്‍ എഫ്.ഐ.ആറുകള്‍ റജിസ്റ്റര്‍ ചെയ്യാന്‍ വലിയ കാലതാമസം ഉണ്ടായെന്ന് വ്യക്തമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മെയ് ആദ്യം മുതല്‍ ജൂലൈ വരെ നിയമം ഇല്ലാത്ത അവസ്ഥയാണ് മണിപ്പുരില്‍.

ക്രമസമാധാന സംവിധാനങ്ങള്‍ പൂര്‍ണമായി തകര്‍ന്നതായും ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി. കേസുകള്‍ എടുക്കുന്നതിലും എഫ്.ഐ.ആറുകള്‍ റജിസ്റ്റര്‍ ചെയ്യുന്നതിലും വലിയ വീഴ്ച ഉണ്ടായിട്ടുണ്ട്. വളരെ കുറച്ച് അറസ്റ്റുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. വെള്ളിയാഴ്ച 2 മണിക്ക് ഡി.ജി.പി നേരിട്ടു ഹാജരായി വിവരങ്ങള്‍ നല്‍കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട് 6532 എഫ്.ഐ.ആറുകള്‍ റജിസ്റ്റര്‍ ചെയ്തതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എന്നാല്‍, 6523 എഫ്.ഐ.ആറുകളില്‍ വ്യക്തതയില്ലെന്നും കൊലപാതകം, ബലാത്സംഗം, സ്വത്തുക്കള്‍ നശിപ്പിക്കല്‍ തുടങ്ങീ കുറ്റകൃത്യങ്ങള്‍ തരംതിരിച്ച് എഫ്.ഐ.ആറുകളുടെ വിവരം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

ആള്‍ക്കൂട്ടത്തിനു തന്നെ കൈമാറിയതു പൊലീസാണെന്നാണ് നഗ്‌നയാക്കി നടത്തി ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ മൊഴിയില്‍ പറയുന്നത്. യഥാര്‍ഥത്തില്‍ എന്താണു നടന്നതെന്ന് കണ്ടെത്തേണ്ടത് ഡി.ജി.പിയുടെ ചുമതലയാണ്. എന്നാല്‍, ഈ സംഭവത്തില്‍ ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്‌തോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. സി.ബി.ഐ അന്വേഷണം തുടരുകയാണെന്നും വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്‍കാമെന്നുമാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചത്.

webdesk13: