തിരുവല്ലയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം എന്ന് ഉറപ്പിച്ചു. സംഭവത്തിൽ അവിവാഹിതയായ അമ്മ അറസ്റ്റിലായി. മല്ലപ്പള്ളി സ്വദേശിനി നീതുവാണ് അറസ്റ്റിലായത്. 20-കാരിയായ നീതു കുഞ്ഞിന്റെ മുഖത്തേക്ക് തുടർച്ചയായി വെള്ളം ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ നീതുവിന്റെ കാമുകന്റെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വകാര്യ മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാരിയായ നീതു ഹോസ്റ്റലിലെ ശുചിമുറിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഒപ്പം താമസിക്കുന്നവർ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടത്തുകയായിരുന്നു. തുടർന്നാണ് പൊലീസിനെ അറിയിച്ചത്.
പൊലീസെത്തി കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിലേക്ക് മാറ്റി. പ്രസവത്തിനിടെ കുഞ്ഞ് മരിച്ചതായാണ് പൊലീസ് ആദ്യം സംശയിച്ചത്. എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞു. കുട്ടി മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് ഗൈനക്കോളജിസ്റ്റിന്റെ സാന്നിധ്യത്തിൽ നീതുവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.