അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: ഉംറക്ക് പുറപെട്ടവരുടെ ബസ് അപകടത്തില്‍ പെട്ട് 21 പേര്‍ മരണപ്പെട്ടു. 26 പേര്‍ക്ക് പരിക്കേറ്റു. റിയാദില്‍ നിന്ന് ആയിരത്തോളം കിലോമീറ്റര്‍ അകലെ മഹായില്‍ സിറ്റിക്കടുത്ത് വെച്ചാണ് ഇന്ന് വൈകീട്ട് നാലരയോടെ അപകടം നടന്നത്. ഖമീസ് മുശൈതില്‍ നിന്ന് ഉംറക്ക് പുറപ്പെട്ട 47 പേരായിരുന്നു ബസ്സിലുണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ ഇന്ത്യക്കാരാണ്. മുഹമ്മദ് ബിലാല്‍, റാസാ ഖാന്‍ എന്നിവരാണ് അവര്‍. രണ്ടു ആശുപത്രികളിലായി കഴിയുന്ന ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇരുവരും സംസ്ഥാനത്തിലുള്ളവരാണെന്ന് വ്യക്തമായിട്ടില്ല.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ബസിലുള്ളതായി വിവരം. അബഹയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച പതിനെട്ട് പേരില്‍ പതിനാറ് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ അബഹയിലുള്ള അസീര്‍ ആശുപത്രി, അബഹ െ്രെപവറ്റ് ആശുപത്രി, സഊദി ജര്‍മന്‍ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. യാത്രക്കാരില്‍ മലയാളികള്‍ ഇല്ലെന്നാണ് പ്രാഥമിക വിവരം.
സഊദിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തെ പ്രധാന നഗരങ്ങളിലൊന്നായ ഖമീസ് മുശൈത്തില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടവരിലധികവും .മഹായിലില്‍ നിന്ന് എഴുപത് കിലോമീറ്റര്‍ അകലെയുള്ള ശആര്‍ ചുരത്തില്‍ നിന്ന് നിയന്ത്രണം വിട്ട ബസ്സ് സമീപത്തെ പാലത്തില്‍ ഇടിച്ചു മറിഞ്ഞു കത്തുകയായിരുന്നുവത്രേ. ബസ്സില്‍ ഇന്ത്യക്കാരെ കൂടാതെ ബംഗ്ലാദേശ്, പാകിസ്ഥാന്‍ പൗരന്മാരാണ് ഉണ്ടായിരുന്നത് . ഏഷ്യക്കാര്‍ നടത്തുന്ന ഉംറ ഗ്രൂപിന്ന് കീഴില്‍ ഉംറക്ക് പുറപെട്ടവരാണ് അപകടത്തില്‍പെട്ടത്.