ഗുരുതരാവസ്ഥയിലുള്ള ഹിന്ദു വയോധികയ്ക്കുവേണ്ടി രക്തം ദാനം ചെയ്യാനെത്തിയ മുസ്‌ലിം യുവാവിനെ തിരിച്ചയച്ച് സര്‍ക്കാര്‍ ആശുപത്രി. മാതാവിന്റെ ചികിത്സാ ആവശ്യത്തിനുവേണ്ടി ആശുപത്രിയിലെത്തിയ യുവാവിനോടാണ് അധികൃതര്‍ നിലപാട് വ്യക്തമാക്കിയത്. മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് സംഭവം.
പ്രാദേശിക മാധ്യമം ‘സത്യഹിന്ദി’ ആശുപത്രി ജീവനക്കാരനും രോഗിയുടെ ബന്ധുവും തമ്മില്‍ നടന്ന സംഭാഷണം പുറത്തുവിട്ടിട്ടുണ്ട്. അജയ്ഗഢ് സ്വദേശിയായ പവന്‍ സോങ്കറാണ് അസുഖബാധിതയായ അമ്മയുമായി പന്ന ജില്ലാ ആശുപത്രിയിലെത്തിയത്.
ചികിത്സക്ക് രക്തം ആവശ്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ച് പവന്‍ സുഹൃത്തിനെ ബന്ധപ്പെടുകയായിരുന്നു. രക്തം നല്‍കാനെത്തിയത് മുസ്‌ലിമാണെന്ന് വ്യക്തമായതോടെ ആശുപത്രി അധികൃതര്‍ നിരസിച്ചു. മുസ്‌ലിമിന്റെ രക്തം ഹിന്ദുവിന് നല്‍കാനാകില്ലെന്ന് അധികൃതര്‍ പറഞ്ഞു. രോഗിയുടെ കുടുംബം ഇത് ചോദ്യം ചെയ്തപ്പോള്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അധികൃതര്‍. രക്തം സ്വീകരിച്ചാല്‍ പ്രശ്‌നമാകുമെന്നും വ്യക്തമാക്കി.
സംഭാഷണത്തിന്റെ വീഡിയോ പുറത്തെത്തിയതോടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങ് സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതികരിച്ചു. ആശുപത്രി സൂപ്രണ്ട് അലോക് ഗുപ്ത പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ജൂലൈയില്‍ നടന്ന സംഭവത്തില്‍ പവന്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെ പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.