മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തി പരിക്കേല്‍പ്പിച്ച അക്രമിയെ തിരിച്ചറിഞ്ഞു. ഫയര്‍ എക്‌സിറ്റ് സ്റ്റെയര്‍കേസ് വഴിയാണ് ഇയാള്‍ വീട്ടില്‍ കയറിയതെന്ന് മുംബൈ പൊലീസ് പറഞ്ഞു. മോഷണത്തിനായി വീട്ടില്‍ കയറിക്കൂടിയ പ്രതി കെട്ടിടത്തില്‍ മണിക്കൂറുകളോളം നിന്ന ശേഷമാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ സെയ്ഫ് അലി ഖാന്‍ ശസ്ത്രക്രിയക്ക് വിധേയനായി. നിലവില്‍ അദ്ദേഹം അപകടനില തരണം ചെയ്‌തെന്നും ആരോഗ്യനില മെച്ചപ്പെട്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അക്രമി വീട്ടില്‍ കയറിയ സി.സി.ടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
ഫയര്‍ എക്‌സിറ്റ് സ്റ്റെയര്‍കേസ് വഴി 11-ാം നിലയിലെത്തിയ പ്രതി ഇവിടെ മോഷണം നടത്താനുള്ള ശ്രമം നടത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ അക്രമിയുമായി ഏറ്റുമുട്ടലുണ്ടായതോടെയാണ് താരത്തിന് കുത്തേറ്റത്. ആറ് തവണ കുത്തേറ്റതില്‍ രണ്ടെണ്ണം ആഴത്തിലുള്ളതാണ്. പിന്നാലെ സംഭവ സ്ഥലത്തുനിന്ന് ഓടിയ അക്രമിയെ തിരിച്ചറിഞ്ഞെന്നും പിടികൂടാനായി പത്ത് സംഘത്തെ രൂപവത്കരിച്ചെന്നും ഡി.സി.പി ദീക്ഷിത് ഗെതാം അറിയിച്ചു.
വീട്ടുജോലിക്കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. സെയ്ഫിന് പുറമെ ഒരു ജോലിക്കാരിക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവര്‍ക്ക് പരിക്ക് ഗുരുതരമല്ല. ജോലിക്കാരില്‍ അഞ്ചു പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണെന്നും വിവരമുണ്ട്. ഹൗസിങ് സൊസൈറ്റിയില്‍ നവീകരണ പ്രവൃത്തികള്‍ക്കായി എത്തിയ ജോലിക്കാരെയും ചോദ്യം ചെയ്യുന്നുണ്ട്. അനധികൃതമായി ആരെങ്കിലും പ്രവേശിക്കുന്നതായി ഹൗസിങ് സൊസൈറ്റിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കണ്ടിട്ടില്ല. സെയ്ഫിന്റെ വീട്ടിലെത്തിയ ഫൊറന്‍സിക് സംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.