പോക്‌സോ കേസില്‍ കുറ്റാരോപിതനായ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. നടന്റെ വാദം കേട്ടതിന് ശേഷമാണ് സുപ്രീം കോടതി ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്. കേസില്‍ മൂന്‍കൂര്‍ ജാമ്യ ഹരജി തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നിര്‍ദേശിച്ച് സംസ്ഥാനത്തിന് കോടതി നോട്ടീസ് അയച്ചു. പോക്‌സോ നിയമം ദുരുപയോഗം ചെയ്തുള്ള കേസാണിതെന്ന് നടന്റെ അഭിഭാഷകരായ ആര്‍. ബസന്ത്, എ. കാര്‍ത്തിക് എന്നിവര്‍ വാദിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്ന് നടന്‍ കോടതിയെ അറിയിച്ചു.
കേസില്‍ അടുത്തമാസം 28ന് കോടതി ഹരജി വീണ്ടും പരിഗണിക്കും. കഴിഞ്ഞ ജൂണിലാണ് കോഴിക്കോട് വെച്ച് നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കസബ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്. കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് കുട്ടിയുടെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തിരുന്നു. പിന്നാലെ ഒളിവില്‍പോയ താരത്തിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.