X

രാഹുൽ ഗാന്ധിക്കെതിരായ തീവ്രവാദി പരാമർശം; കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിനെതിരെ എഫ്.ഐ.ആര്‍

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് എതിരായ തീവ്രവാദ പരാമർശങ്ങളിൽ കേന്ദ്രമന്ത്രി രവനീത് സിംഗ് ബിട്ടുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തു. കർണാടക കോൺഗ്രസ് സമർപ്പിച്ച പരാതിയിലാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. രാഹുൽ ഗാന്ധിയെ ഭീകരവാദിയെന്ന് അധിക്ഷേപിച്ചതിനാണ് നടപടി.ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 353 (2), 192, 196 എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആര്‍രജിസ്റ്റർ ചെയ്തിരിക്കുന്നത്.

രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തിലെ പരാമർശങ്ങളിൽ പ്രതികരിച്ചു കൊണ്ടാണ് കേന്ദ്രമന്ത്രി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ പരാമർശങ്ങൾ ഉന്നയിച്ചത്. രാഹുൽ ഗാന്ധി രാജ്യത്തെ നമ്പർ വൺ ഭീകരവാദിയാണെന്നും അദ്ദേഹം ഇന്ത്യക്കാരൻ അല്ലെന്നുമായിരുന്നു മാധ്യമങ്ങളോട് പ്രതികരിക്കവേ കേന്ദ്രമന്ത്രിയുടെ പരാമർശം. പഞ്ചാബിൽ നിന്നുള്ള ബിജെപി എംപിയാണ് രവനീത് സിംഗ് ബിട്ടു.

ഞാന്‍ എന്തിന് മാപ്പുപറയണം? പ്രസ്താവനയിൽ ഉറച്ച് ബിട്ടു

രാഹുൽ ഗാന്ധിയെ നമ്പർ വൺ തീവ്രവാദി എന്ന് വിളിച്ചതിൽ തനിക്ക് ഖേദമില്ലെന്നും മാപ്പ് പറയില്ലെന്നുമാണ് ബിട്ടുവിന്റെ നിലപാട്. ഗാന്ധി കുടുംബം പഞ്ചാബിനെ ചുട്ടെരിക്കുകയും അതിൻ്റെ ഫലമായി സംസ്ഥാനത്തിന് തലമുറകളുടെ ജീവൻ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞാനെന്തിന് ഖേദിക്കണം? പഞ്ചാബിൽ നമുക്ക് (സിഖ് സമുദായത്തിന്) നമ്മുടെ തലമുറകളെ നഷ്ടപ്പെട്ടു. ഗാന്ധി കുടുംബം പഞ്ചാബിനെ കത്തിച്ചു. ഒരു സിഖുകാരനെന്ന നിലയിൽ ഞാൻ എൻ്റെ വേദന പ്രകടിപ്പിക്കുകയാണ്. ബിട്ടു പറഞ്ഞു. ഇപ്പോൾ താൻ മന്ത്രിയാണെങ്കിലും ഒരു സിഖുക്കാരനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാദമായ തൻ്റെ പ്രസ്താവനയിൽ മാപ്പ് പറയുമോ എന്ന ചോദ്യത്തിന് വിഷയത്തിൽ ആ​ദ്യം മാപ്പ് പറയേണ്ടത് കോൺ​ഗ്രസ് അധ്യക്ഷ്യൻ മല്ലികാർജുൻ ഖാർ​ഗെയാണെന്നായിരുന്നു ബിട്ടുവിന്റെ മറുപടി. രാഹുൽ ഗാന്ധിയുടെ അതേ നിലപാട് തന്നെയാണോ കോൺ​ഗ്രസ് പാർട്ടിക്കുമുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും ബിട്ടു ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധി പറഞ്ഞത്

മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി, രാജ്യത്ത് വർധിച്ചുവരുന്ന മതപരമായ അസഹിഷ്ണുതയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാജ്യത്തെ സിഖ് വിഭാഗക്കാർക്ക് സ്വതന്ത്രമായി തങ്ങളുടെ മതപരമായ കാര്യങ്ങൾ ചെയ്യാനാവുന്നില്ലെന്നായിരുന്നു അമേരിക്കൻ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി പറഞ്ഞത്.

സിഖുകാരനായ വ്യക്തിക്ക് രാജ്യത്ത് ടർബൻ ധരിക്കാൻ സ്വാതന്ത്ര്യമുണ്ടോ? ഗുരുദ്വാരയിൽ പോകാൻ അനുവാദമുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ച അദ്ദേഹം സിക്കുകാർക്ക് രാജ്യത്ത് മതസ്വാതന്ത്ര്യമില്ലെന്നും തങ്ങളുടെ പോരാട്ടം എല്ലാ മതങ്ങൾക്കും വേണ്ടിയുള്ളതാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്. യുഎസിലെ വിർജീനിയയിൽ നടന്ന പരിപാടിയിലാണ് ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിൻ്റെ അവസ്ഥയെക്കുറിച്ച് സിഖുകാരെ ഉദ്ധരിച്ച് രാഹുൽ സംസാരിച്ചത്.

കോൺ​ഗ്രസ് എം.പിയായിരുന്ന ബിട്ടു, ഈ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയിൽ ചേർന്നത്. പരാമർശത്തിൽ, കഴിഞ്ഞദിവസം ബിജെപി നേതാവും മുൻ എംഎൽഎയുമായ തർവീന്ദർ സിങ് മർവയും രാഹുലിനെതിരെ വധഭീഷണിയുമായി രംഗത്തെത്തിയിരുന്നു.

webdesk13: