മണിപ്പൂരിലെ അക്രമസംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ ഇന്ത്യ മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയുന്നു. ഒന്നര മണിക്കൂര്‍ പിന്നിട്ടിട്ടും മണിപ്പൂര്‍ വിഷയം മോദി പരാമര്‍ശിച്ചില്ലെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇതു സത്യത്തില്‍നിന്നുള്ള ഒളിച്ചോട്ടമാണെന്നു മോദി പറഞ്ഞു. പ്രതിപക്ഷത്തിനു രാഷ്ട്രീയക്കളി മാത്രമാണു താല്‍പര്യം. മണിപ്പൂരില്‍ കലാപത്തിനു വഴിവച്ചത് ഹൈക്കോടതി ഉത്തരവാണ്. വിഷയത്തെപ്പറ്റി ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങള്‍ക്കു സര്‍ക്കാരില്‍ പൂര്‍ണവിശ്വാസമാണെന്നു പറഞ്ഞാണു മോദി പ്രസംഗം തുടങ്ങിയത്. ഭരണപക്ഷം ‘മോദി, മോദി’ എന്നു പറഞ്ഞ് ഡെസ്‌കിലടിച്ചു പ്രോത്സാഹിപ്പിച്ചു. പ്രതിപക്ഷം ‘ഇന്ത്യ, ഇന്ത്യ’ എന്നും മുദ്രാവാക്യം മുഴക്കി. അംഗങ്ങളോടു നിശബ്ദരാകാന്‍ സ്പീക്കര്‍ ഓം ബിര്‍ല പലതവണ നിര്‍ദേശിച്ചു. പ്രസംഗം നീണ്ടുപോയപ്പോള്‍, ‘മണിപ്പൂരിനെപ്പറ്റി പറയൂ’ എന്നു പറഞ്ഞ് പ്രതിപക്ഷ നേതാക്കള്‍ പോസ്റ്റര്‍ ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നു.