പഞ്ചാബ്-ഹരിയാന അതിർത്തിയിൽ നിന്ന് ദൽഹിയിലേക്ക് മാർച്ച് പുനരാരംഭിച്ച കർഷകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ച് പൊലീസ്. മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി നൽകണമെന്നും മറ്റ് പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.
എന്നാൽ ഹരിയാന പൊലീസ് അവരുടെ മാർച്ച് തടയുകയായിരുന്നു. , ഇത് സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.
പ്രതിഷേധവുമായി മുന്നോട്ട് പോകുന്നതിന് അനുമതി നൽകണമെന്ന് ഹരിയാന പൊലീസിനോട് കർഷകർ ആവശ്യപ്പെട്ടു. ഇതോടെ ശംഭുവിൽ കർഷകരും പൊലീസുമായി വാക്കുതർക്കമുണ്ടായി.
‘പൊലീസ് ഞങ്ങളുടെ ഐഡൻ്റിറ്റി കാർഡ് ചോദിക്കുന്നു, കാർഡുകൾ ഞങ്ങൾ നൽകാം പക്ഷെ അവർ ഞങ്ങളെ ദില്ലിയിലേക്ക് പോകാൻ അനുവദിക്കുമെന്ന് ഉറപ്പ് നൽകണം. എന്നാൽ ദില്ലിയിലേക്ക് പോകാൻ അനുമതിയില്ലെന്ന് അവർ പറയുന്നു. പിന്നെ എന്തിന് തിരിച്ചറിയൽ കാർഡ് നൽകണം, ഞങ്ങൾ അവർക്ക് തിരിച്ചറിയൽ കാർഡ് നൽകും, അവർ ഞങ്ങളെ ദൽഹിയിലേക്ക് പോകാൻ അനുവദിച്ചാൽ മാത്രം ,’ പ്രതിഷേധിക്കുന്ന ഒരു കർഷകൻ പറഞ്ഞു.
അതേസമയം, 101 കർഷകരുടെ ഐഡൻ്റിറ്റി വെരിഫിക്കേഷനുശേഷം മാത്രമേ മുന്നോട്ട് പോകാൻ അനുവദിക്കൂവെന്ന് പൊലീസ് പറഞ്ഞു. ദൽഹിയിലേക്ക് മാർച്ച് ചെയ്യാനുള്ള കർഷകരുടെ പുതിയ ശ്രമം കണക്കിലെടുത്ത്, പഞ്ചാബ്-ഹരിയാന അതിർത്തിയിൽ സുരക്ഷ ശക്തമാക്കി. അവരുടെ മുന്നേറ്റം തടയാൻ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുമുണ്ട്. അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുകൂടുന്നത് തടയുന്ന സെക്ഷൻ 163 (മുമ്പ് സെക്ഷൻ 144) പ്രകാരമുള്ള നിരോധന ഉത്തരവുകളും അതിർത്തിയിൽ നിലവിലുണ്ട്.