X

താനൂർ ബോട്ടപകടം; നാലംഗ കുടുംബത്തിന്റെ സഹായധനം ഭര്‍ത്താവിന്‌ നല്‍കരുതെന്ന്‌ മനുഷ്യാവകാശ സംഘടന

താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ട ചെട്ടിപ്പടി കുപ്പിവളവ് വെട്ടിക്കുത്തി ആയിശാബിക്കും 3 മക്കള്‍ക്കുമായി സര്‍ക്കാറുകള്‍ നല്‍കുന്ന നഷ്ട പരിഹാരത്തുക ഭര്‍ത്താവ് സൈനുല്‍ ആബിദിന് കൈമാറരുതെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ എന്‍.എഫ്.പി.ആര്‍. ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. വര്‍ഷങ്ങളായി ആയിഷാബിയേയും മക്കളേയും തിരിഞ്ഞു നോക്കാത്ത ഭര്‍ത്താവ് സൈനുല്‍ ആബിദ് നഷ്ടപരിഹാരത്തുക തന്റെ കയ്യില്‍ കിട്ടാന്‍ വേണ്ടി കള്ളക്കണ്ണീരുമായി രംഗത്തുണ്ട്. ഭര്‍ത്താവ് ഉപേക്ഷിച്ചതു കൊണ്ട് തന്നെ ഒരു തുണിക്കടയില്‍ ജോലി നോക്കിയായിരുന്നു ആയിഷാബി 5 മക്കളെ പോറ്റിയിരുന്നത്. വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

ആയിഷാബിയെയും മകളെയും കൊല്ലാന്‍ ശ്രമിച്ചതിനും സൈനുല്‍ ആബിദിനെതിരെ കേസുണ്ട്. നഷ്ടപരിഹാരത്തുക കിട്ടുന്നതിന് കപട സ്നേഹം നടിച്ച് രംഗത്ത് വന്ന സൈനുല്‍ ആബിദിന്റ പ്രവൃത്തി ദുരൂഹതയുണര്‍ത്തുന്നു. നഷ്ട പരിഹാരത്തുക ബാക്കിയുള്ള രണ്ട് മക്കളുടെ പേരില്‍ ബാങ്കില്‍ സ്ഥിര നിക്ഷേപമായി അവര്‍ മേജറായാല്‍ എടുക്കാവുന്ന തരത്തില്‍ നിക്ഷേപിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. മക്കളെ സംരക്ഷിക്കാന്‍ സൈനുല്‍ ആബിദ് യോഗ്യനല്ലെന്നും ആയതിനാല്‍ കുട്ടികളെ സര്‍ക്കാര്‍ ഇടപെട്ട് സുരക്ഷിത കേന്ദ്രങ്ങളില്‍ വളര്‍ത്തി പഠിപ്പിക്കാന്‍ തയ്യാറാകണമെന്നും കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍.

ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന ചെട്ടിപ്പടിയിലെ ആയിഷാബീവിയും നാലു മക്കളും ഉമ്മയുമാണ് ദുരന്ത ദിവസം ബോട്ടില്‍ കയറിയിരുന്നത്. ജീവിതത്തിലേക്ക് തിരികെ വന്നത് ആയിഷാ ബീവിയുടെ ഉമ്മയും 6 വയസുകാരനായ അഹ്റാഹും അന്ന് അവരോടൊപ്പമില്ലാതിരുന്ന ആദിലും മാത്രമാണ്. തന്നെയും 13 കാരിയായ മകളെയും ദേഹോപദ്രവമേല്‍പ്പിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത ഭര്‍ത്താവ് സൈനുല്‍ ആബിദ് ഈ കുടുംബത്തെ തിരിഞ്ഞു നോക്കിയിരുന്നില്ല.

 

webdesk14: