X
    Categories: NewsWorld

വിശുദ്ധ ഖുര്‍ആന്‍ കത്തിച്ച തീവ്രവലതുപക്ഷ നേതാവിനെ ജയിലിലടച്ച് സ്വീഡന്‍

ഖുര്‍ആന്‍ കോപ്പികള്‍ പരസ്യമായി കത്തിച്ച യുവാവിനെ ജയിലിലടച്ച് സ്വീഡന്‍. മുസ്‌ലിംകളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തീവ്രവലതുപക്ഷക്കാരനായ ഡാനിഷ്‌സ്വീഡിഷ് വംശജനായ റാസ്മസ് പലുദനെയാണ് തടവിന് വിധിച്ചത്. പലുദനെ നാല് മാസത്തെ തടവിനാണ് വിധിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാല്‍മോയിലെ ജില്ലാ കോടതിയുടേതാണ് വിധി.

ഖുര്‍ആന്‍ കത്തിച്ചുകൊണ്ടുള്ള പ്രതിഷേധം മുസ്‌ലിംകള്‍ക്കെതിരായ വിമര്‍ശനമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. മുസ്‌ലിംകളെ അപമാനിക്കുക മാത്രമായിരുന്നു റാസ്മസിന്റെ ലക്ഷ്യമെന്നും കോടതി ചൂണ്ടിക്കാട്ടി.

‘വിമര്‍ശനങ്ങള്‍ പരസ്യമായി ചൂണ്ടിക്കാട്ടാം. എന്നാല്‍ ഒരു വിഭാഗം മനുഷ്യരോട് കാണിക്കുന്ന അവഹേളന സമീപനം തെറ്റാണ്,’ കോടതി ചീഫ് കൗണ്‍സിലര്‍ നിക്‌ലാസ് സോഡര്‍ബെര്‍ഗിന്‍ പറഞ്ഞു. സ്ട്രാം കുര്‍സ് എന്ന ഡാനിഷ് രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണ് റാസ്മസ്. ഖുര്‍ആന്‍ കത്തിച്ച് മുസ്‌ലിംകളെ അപമാനിച്ച ഒരു കേസ് രാജ്യത്ത് ഇത് ആദ്യമാണെന്നും ഉദ്യോഗസ്ഥവൃന്ദം പ്രതികരിച്ചു.

ഇതിനുമുമ്പും ഇയാള്‍ക്കെതിരെ സമാനമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 2022ല്‍ സ്വീഡനില്‍ നടന്ന പൊതുയോഗങ്ങളില്‍ വെച്ച് അറബികളെയും ആഫ്രിക്കക്കാരെയും റാസ്മസ് അപമാനിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ രണ്ട് കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തു.

ഇക്കാലയളവില്‍ തന്നെയാണ് ഖുര്‍ആന്‍ കത്തിച്ചും റാസ്മസ് മുസ്‌ലിംകളെ അപമാനിച്ചത്. ഇതിനുപിന്നാലെ മാല്‍മോ, ലാന്‍ഡ്‌സ്‌ക്രോണ, ലിങ്കോപ്പിങ്, ഒറെബ്രോ എന്നീ സ്വീഡിഷ് നഗരങ്ങളില്‍ കലാപം ഉടലെടുത്തിരുന്നു.

2023ല്‍ സ്വീഡനിലും ഡെന്‍മാര്‍ക്കിലും പലപ്പോഴായി തീവ്രവലതുപക്ഷ പ്രവര്‍ത്തകര്‍ ഖുര്‍ആന്‍ കത്തിച്ച് പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഖുര്‍ആന്‍ കത്തിച്ചുള്ള പ്രതിഷേധം നിയമവിരുദ്ധമാക്കി ഡിസംബറില്‍ ഒരു നിയമത്തിന് ഡെന്മാര്‍ക്ക് അംഗീകാരം നല്‍കിയിരുന്നു.

സ്വീഡനില്‍ നിരന്തരമായി റിപ്പോര്‍ട്ട് ചെയ്തിരുന്ന ഖുര്‍ആന്‍ കത്തിച്ചുള്ള പ്രതിഷേധങ്ങളില്‍ ജോര്‍ദാന്‍, ഈജിപ്ത്, സഊദി അറേബ്യ, ഇറാഖ്, ഫലസ്തീന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അപലപിച്ചിരുന്നു.

സല്‍വാന്‍ മോമിക എന്ന യുവാവ് സ്‌റ്റോക്ക്‌ഹോമിലെ ഒരു മസ്ജിദിന് മുന്നില്‍ പൊലീസ് സംരക്ഷണത്തില്‍ ഖുറാന്‍ കത്തിച്ചതിന് പിന്നാലെയാണ് അറബ് രാജ്യങ്ങള്‍ സ്വീഡനെതിരെ രംഗത്തെത്തിയത്.

webdesk13: