പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും റാഗിങ്ങിനെതിരെ കര്‍ശനമായ നിയമ നിര്‍മ്മാണം നടത്തണമെന്നും അത് ഫലപ്രദമായി നടപ്പാക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ കയ്യൂക്കിന്റെയോ സംഘടിത ശക്തിയുടെയോ പിന്‍ബലത്തില്‍ മൃഗീയമായി ആക്രമിക്കുകയും അതിലൂടെ ആസ്വാദനം കണ്ടെത്തുകയും ചെയ്യുന്ന പ്രവണത സാക്ഷരകേരളത്തിന് മാനക്കേട് ഉണ്ടാക്കുന്നതാണ്.
വിദ്യാര്‍ഥികളെ അപരിഷ്‌കൃത വിചാരണക്ക് വിധേയരാക്കി പീഡിപ്പിക്കുന്ന സ്വഭാവം ഈ സ്ഥാപനത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്ന ആരോപണങ്ങള്‍ ഗൗരവമായി കാണേണ്ടതാണ്. സംഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ദുരൂഹതകള്‍ നീക്കാനും മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും ഉത്തരവാദിത്തപ്പെട്ടവര്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എ റഷീദ് ഫൈസി വെള്ളായിക്കോട് ഉദ്ഘാടനം ചെയ്തു.