X

ദയവായി പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നത് നിർത്തി യുവാക്കളെ കുറിച്ച് ചിന്തിക്കൂ; മോദിയോട് പ്രിയങ്ക

എട്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു എന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മുംബൈ എയർ പോർട്ടിനു സമീപം ജോലിക്കു വേണ്ടി വന്ന വിദ്യാർത്ഥികൾ തിക്കിലും തിരക്കിലും പെട്ട സംഭവം ഉണ്ടായതിനു പിന്നാലെയാണ് പ്രിയങ്കയുടെ വിമർശനം.
‘കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, പ്രധാനമന്ത്രി പറഞ്ഞു, കോടിക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകി ഞങ്ങൾ റെക്കോഡുകൾ തകർത്തുവെന്ന്. എന്നാൽ തൊഴിലില്ലാത്തവരുടെ വലിയ നിര തന്നെ ഇന്ന് കണ്ടു. ചെറിയ ജോലി ഒഴിവുകളിലേക്ക് വന്ന നിരവധി ആളുകളാണ് തിക്കിലും തിരക്കിലും പെട്ടത്. ഇത് കണ്ടാൽ തന്നെ മനസിലാകും പ്രധാനമന്ത്രി പറഞ്ഞ റെക്കോഡ് തകർന്നിരിക്കുന്നു എന്ന്. രാജ്യം ചരിത്രപരമായ തൊഴിലില്ലായ്മയെ അഭിമുഖീകരിക്കുകയാണ്.
യുവാക്കൾക്ക് കോടിക്കണക്കിന് പുതിയ അവസരങ്ങൾ ആവശ്യമാണ്. ദയവായി പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നതും ശ്രദ്ധ തിരിക്കുന്നതും നിർത്തി രാജ്യത്തെ യുവാക്കളെ കുറിച്ച് ചിന്തിക്കാൻ ഞാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു.’ പ്രിയങ്ക പറഞ്ഞു. കഴിഞ്ഞ മൂന്നോ നാലോ വർഷത്തിനിടെ എട്ട് കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചത് തൊഴിലില്ലായ്മയെക്കുറിച്ച് വ്യാജ വിവരണങ്ങൾ പ്രചരിപ്പിക്കുന്നവരെ നിശ്ശബ്ദരാക്കിയെന്ന് പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എന്നാൽ എട്ട് കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന കേന്ദ്രത്തിൻ്റെ അവകാശവാദത്തെ എതിർത്ത് കൊണ്ട് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. തൊഴിൽ നിലവാരവും സാഹചര്യവും പരിഗണിക്കാതെ തെറ്റായ തൊഴിൽ കണക്കുകൾ കേന്ദ്രം അവതരിപ്പിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

webdesk13: