ചെന്നൈ: ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 178 റണ്‍സിന് പുറത്ത്. അശ്വിന്റെ ആറ് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.
ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ റോറി ബേണ്‍സിനെ (0) രഹാനെയുടെ കൈകളിലെത്തിച്ച് അശ്വിന്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ചിരുന്നു. നേരത്തെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 337 റണ്‍സിന് പുറത്തായിരുന്നു. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ സാധിക്കാതെയാണ് ഇന്ത്യന്‍ സംഘം കൂടാരം കയറിയത്.
എന്നാല്‍ ഒന്നാം ഇന്നിങ്സില്‍ 241 റണ്‍സിന്റെ ലീഡ് നേടിയ ഇംഗ്ലണ്ട്, ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ വീണ്ടും ബാറ്റിങ്ങിനിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്ത്യയ്ക്കായി 138 പന്തില്‍ നിന്ന് രണ്ടു സിക്സും 12 ഫോറുമടക്കം 85 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദര്‍ പുറത്താകാതെ നിന്നു.
ആറിന് 257 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് രംഭിച്ച ഇന്ത്യയ്ക്ക് സ്‌കോര്‍ 305-ല്‍ എത്തിയപ്പോള്‍ അശ്വിനെ നഷ്ടമായി. 91 പന്തില്‍ നിന്ന് ഒരു സിക്സും മൂന്നു ഫോറുമടക്കം 31 റണ്‍സെടുത്ത താരത്തെ ജാക്ക് ലീച്ചാണ് പുറത്താക്കിയത്.
ഏഴാം വിക്കറ്റില്‍ വാഷിങ്ടണ്‍ സുന്ദറിനൊപ്പം 80 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് അശ്വിന്‍ മടങ്ങിയത്. പിന്നാലെ ഷഹ്ബാസ് നദീമിനെ അക്കൗണ്ട് തുറക്കും മുമ്പ് ജാക്ക് ലീച്ച് മടക്കി.
നാലു റണ്‍സെടുത്ത ഇഷാന്ത് ശര്‍മയെ ആന്‍ഡേഴ്സന്‍ ഒലി പോപ്പിന്റെ കൈകളിലെത്തിച്ചു. ജസ്പ്രീത് ബുംറയെ തകര്‍പ്പന്‍ ക്യാച്ചിലൂടെ സ്റ്റോക്ക്സ് മടക്കിയതോടെ ഇന്ത്യന്‍ ഇന്നിങ്സിന് അവസാനമായി.
നാലു വിക്കറ്റ് വീഴ്ത്തിയ ഡൊമിനിക് ബെസ്സാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. ജോഫ്ര ആര്‍ച്ചര്‍, ജെയിംസ് ആന്‍ഡേഴ്സണ്‍, ജാക്ക് ലീച്ച് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.