റസാഖ് ഒരുമനയൂര്‍
അബുദാബി: എസ് എസ് എല്‍ സി പരീക്ഷാ വിജയത്തില്‍ ഇക്കുറിയും പതിവ് തെറ്റിക്കാതെ ഗള്‍ഫിലെ കുട്ടികള്‍ വന്‍വിജയം കരസ്ഥമാക്കി. ഇന്ത്യക്കുപുറത്തുപ്രവര്‍ത്തിക്കുന്ന എസ് എസ് എല്‍സി യുടെ ഏഴു കേന്ദ്രങ്ങളും യുഎഇയിലാണുള്ളത്.
ഇവിടെ ആകെ 533 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 516 പേരാണ് വിജയിച്ചത്. പതിനേഴ് പേര്‍ക്ക് പത്താംക്ലാസ്സിന്റെ കടമ്പ കടക്കാനായില്ല. അതേസമയം മൊത്തം 80 പേര്‍ ഫുള്‍ എപ്ലസ് നേടിയാണ് തങ്ങളുടെ വിജയം തിളക്കമുള്ളതാക്കിയത്.
ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷയെഴുതിയത് ഇത്തവണയും അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയായിരുന്നു. 113 പേരാണ് ഇവിടെ പരീക്ഷയെഴുതിയത്. മുഴുവന്‍ പേരും വിജയിക്കുകയും ചെയ്തു. ഇതില്‍ 36പേര്‍ എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയാണ് വിജയിച്ചത്.
ദുബൈ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ 109 പേര്‍ പരീക്ഷയെഴുതി. 108 പേരും വിജയിച്ചു. 15 പേര്‍ ഫുള്‍ എപ്ലസ് നേടി. ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 85 പേരില്‍ 80പേരും വിജയിച്ചു. അഞ്ചുപേര്‍ക്ക് വിജിയക്കാനായില്ല. ഇവിടെ ആര്‍ക്കും ഫുള്‍ എ പ്ലസ് ലഭ്യമാക്കാനായില്ല.
ഷാര്‍ജ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 57പേരും വിജയിച്ചു. പതിനൊന്ന് പേര്‍ ഫുള്‍ എ പ്ലസ് നേടി. റാസല്‍ഖൈമ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 42പേരില്‍ 40പേരും വിജയിച്ചു. ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 32 പേരാണ് പരീക്ഷക്കിരുന്നതെങ്കിലും ഒമ്പതുപേര്‍ക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ഒരാള്‍ ഫുള്‍ എ പ്ലസ് നേടി.
ഫുജൈറ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 84പേരും പാസ്സായി. 17 പേര്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടി.