ഫുട്‌ബോള്‍ ആരാധകര്‍ക്ക ്‌വീണ്ടുമൊരു എല്‍ ക്ലാസിക്കോയ്ക്ക് കളമൊരുങ്ങി. സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ഒസാസുന എഫ് സിയെ എതിരില്ലാത്ത 2 ഗോളിന് തകര്‍ത്ത് ബാഴ്സലോണ ഫൈനലില്‍ പ്രവേശിച്ചതോടെയാണ് ആവേശ പോരാട്ടത്തിന് വഴിയൊരുങ്ങിയത്. കഴിഞ്ഞ ദിവസം മാഡ്രിഡ് ത്രില്ലറില്‍ അത്ലറ്റികോ മാഡ്രിഡിനെ മൂന്നിനെതിരെ 5 ഗോളുകള്‍ക്ക് കീഴടക്കി റയല്‍മാഡ്രിഡ് ഫൈനലിലേക്ക് ടിക്കറ്റെടുത്തിരുന്നു. തിങ്കളാഴ്ചയാണ് ബാഴ്സലോണ-റയല്‍ മാഡ്രിഡ് ക്ലാസിക് പോരാട്ടം.
സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി (59), കൗമാരതാരം ലാമിന്‍ യമാല്‍ (90+3) എന്നിവരാണ് ബാഴ്‌സക്കായി ഗോള്‍നേടിയത്. സ്റ്റാട്ടിങ് വിസില്‍ മുതല്‍ ആക്രമിച്ചുകളിച്ച ബാഴ്സ എതിര്‍ ബോക്സിലേക്ക് നിരന്തരം ആക്രണമണം പുറപ്പെടുവിച്ചു. ആദ്യപകുതിയില്‍ അര ഡസണോളം അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളിലേക്ക് തിരിച്ചുവിടാനായില്ല. രണ്ടാം പകുതിയില്‍ കൂടുതല്‍ മുന്നേറി കളിച്ച സ്പാനിഷ് വമ്പന്‍മാര്‍ക്കായി സ്റ്റാര്‍ സ്ട്രൈക്കര്‍ റോബെര്‍ട്ട് ലെന്‍ഡോസ്‌കി വലകുലുക്കി. ഗുണ്ടോഗന്‍ ബോക്സിലേക്ക് നല്‍കിയ പാസുമായി മുന്നേറി ഒസാസുന പ്രതിരോധ താരങ്ങളെ മറികടന്നൊരു ക്ലിനിക്കല്‍ ഫിനിഷ്.
ബാഴ്സ അക്രമണത്തിന് മറുപടിയായി ഒറ്റപ്പെട്ട നീക്കങ്ങള്‍ മാത്രമാണ് ഒസാസുന നടത്തിയത്. എന്നാല്‍ ബാഴ്സ പ്രതിരോധം ഭേദിച്ച് മുന്നേറുന്നതില്‍ വിജയിച്ചില്ല. ഇഞ്ച്വറി സമയത്തെ മൂന്നാം മിനിറ്റില്‍ ജാവോ ഫെലിക്സ് നല്‍കിയ ക്രോസ് സ്വീകരിച്ച് 16 കാരന്‍ ലാമിന്‍ യമാല്‍ ബാഴ്സയുടെ വിജയം ഉറപ്പിച്ച് രണ്ടാം ഗോള്‍നേടി. കളിയിലുടനീളം പന്തടക്കത്തിലും ലക്ഷ്യത്തിലേക്ക് നിറയൊഴിക്കുന്നതിലും ബാഴ്സയായിരുന്നു മുന്നില്‍. ഏഴ് തവണയാണ് ഷോട്ടുതിര്‍ത്തത്.