X

സോളാര്‍ പീഡന കേസ്; ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ കെ.ബി ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയതായി സി.ബി.ഐ

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് സി.ബി.ഐ. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോര്‍ട്ടിലാണ് സി.ബി.ഐ ഗുഢാലോചന വിശദീകരിച്ചിട്ടുള്ളത്. കെബി ഗണേഷ് കുമാര്‍, ശരണ്യ മനോജ് എന്നിവര്‍ക്ക് പുറമെ, വിവാദ ദല്ലാള്‍ നന്ദകുമാര്‍ എന്നിവരുടെ പേരും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുവെന്നാണ് സൂചന.

കഴിഞ്ഞദിവസം തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ചത്.
പരാതിക്കാരി ജയിലില്‍ കിടന്നപ്പോള്‍ എഴുതിയ കത്താണ് പിന്നീട് വിവാദമായി മാറിയത്. ഈ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇതു പിന്നീട് കൂട്ടിചേര്‍ത്തതാണ്. പരാതിക്കാരിയുടെ കത്ത് സഹായി മുഖേന ഗണേഷ് കുമാര്‍ കൈവശപ്പെടുത്തിയെന്ന് സിബിഐ പറയുന്നു.

ഗണേഷിന്റെ ബന്ധു കൂടിയായ ശരണ്യ മനോജ് നല്‍കിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പരാതിക്കാരിയുടെ ആദ്യ കത്തിനു പുറമെ, അവര്‍ പലപ്പോഴായി രാഷ്ട്രീയനേതാക്കളുടെ പേര് എഴുതിചേര്‍ക്കുന്നതിനായി തയ്യാറാക്കിയ 4 കത്തുകളും സിബിഐ തെളിവായി ശേഖരിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരമേറ്റ് മൂന്നാം ദിവസം തന്നെ, ഉമ്മന്‍ചാണ്ടിക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാന്‍ അവസരം ഒരുക്കിയത് വിവാദ ദല്ലാള്‍ നന്ദകുമാര്‍ ആണ്. ഇക്കാര്യം പരാതിക്കാരിയുടെ ഡ്രൈവറും കേസിലെ പ്രധാന സാക്ഷിയും സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്.

പീഡനക്കേസുമായി മുന്നോട്ടുപോകാന്‍ പരാതിക്കാരിയെ സഹായിച്ചതും വിവാദ ദല്ലാളാണ്. വിവാദ ദല്ലാളിന് രണ്ടു കത്തുകള്‍ കൈമാറിയിരുന്നതായി ശരണ്യ മനോജും സിബിഐക്ക് മൊഴി നല്‍കിയിരുന്നു. പീഡനത്തിന് സാക്ഷി പറയാന്‍ പരാതിക്കാരി പിസി ജോര്‍ജിനോട് ആവശ്യപ്പെട്ടു. എന്നാല്‍ പിസി ജോര്‍ജ് ഉമ്മന്‍ചാണ്ടിക്കെതിരെ മൊഴി നല്‍കിയില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ക്ലിഫ് ഹൗസിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാല്‍ ഇതില്‍ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 

webdesk13: