X

എസ്‌കെഎസ്എസ്എഫ് സർഗലയം 10ന് ഞായറാഴ്ച; ആയിരത്തോളം മത്സരാര്‍ത്ഥികള്‍

അബുദാബി: എസ്‌കെഎസ്എസ്എഫ് അബുദാബി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സര്‍ഗ്ഗലയം 10ന് ഞായറാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ യു എ ഇ കമ്മിറ്റിക്ക് കീഴില്‍ വര്‍ഷങ്ങളായി സംഘടിപ്പിക്കപ്പെടുന്ന പ്രവാസ പ്രതിഭകളുടെ ഇസ്ലാമിക കലാ വിരുന്നിന്റെ ഭാഗമായാണ് ഗള്‍ഫ് സത്യധാര സര്‍ഗലയം എന്ന പേരില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

രാവിലെ 9 മുതല്‍ രാത്രി 11 വരെ നീണ്ടുനില്‍ക്കുന്ന കലാമാമാങ്കം 52 ഇനങ്ങളില്‍ ഏഴ് വേദികളിലായാണ് അരങ്ങേറുക.
ഇതോടെ നവംബര്‍ 27 മുതല്‍ തുടക്കം കുറിച്ച സ്റ്റേറ്റ് തല മത്സരപരിപാടികള്‍ക്ക് സമാപ്തിയാകും.

ദഫ് കളി, ദഫ് മുട്ട്, ബുര്‍ദ്ദ ആലാപനം, കഥാപ്രസംഗം, ടേബിള്‍ ടോക്ക് തുടങ്ങിയ ആകര്‍ഷണീയമായ ഗ്രൂപ്പിനങ്ങള്‍ക്ക് പുറമെ ഇംഗ്ലീഷ്, അറബി,മലയാളം ഭാഷാ പ്രസംഗങ്ങള്‍,വിവിധ ഭാഷകളിലുള്ള ഗാനങ്ങള്‍,ഖുര്‍ആന്‍ പാരായണം, ക്വിസ്, കവിതാ പാരായണം തുടങ്ങിയ വ്യക്തിഗത ഇനങ്ങളും പരിപാടിക്ക് മിഴിവേകും. അബൂദാബി സ്റ്റേറ്റ് കമ്മിറ്റിക്ക് കീഴിലുള്ള ജില്ലാ കമ്മിറ്റികള്‍ സംഘടിപ്പിച്ച മത്സരങ്ങളിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ആയിരത്തോളം മത്സരാര്‍ത്ഥികളാണ് സര്‍ഗലയത്തില്‍ മാറ്റുരക്കുന്നത്.

സബ് ജൂനിയര്‍, ജൂനിയര്‍, ജനറല്‍ വിഭാഗങ്ങള്‍ക്ക് പുറമെ പെണ്‍കുട്ടികള്‍ക്കുള്ള രചനാ മത്സരങ്ങളും വനിതകള്‍ക്കായുള്ള കവിതാ രചന, കാലിഗ്രാഫി, കാന്‍വാസ് പെയിന്റിംഗ് തുടങ്ങി മത്സരങ്ങളും സംഘടിപ്പിക്കപ്പെടുന്നുണ്ട്.

സമാപന സെഷനില്‍ അബൂദാബി ഇന്ത്യന്‍ ഇസ് ലാമിക് സെന്റര്‍, അബൂദാബി സുന്നി സെന്റര്‍, അബുദാബികെഎംസിസി എസ് കെ എസ് എസ് എഫ് യു എ ഇ നാഷണല്‍ കമ്മിറ്റി നേതാക്കള്‍ ഉള്‍പ്പെടെ സാമൂഹിക സാംസ്‌കാരിക നേതാക്കളും വ്യാപാര വ്യവസായ പ്രമുഖരും പങ്കെടുക്കും.വിജയികള്‍ക്ക് അനുമോദന പത്രവും ട്രോഫികളും സമ്മാനിക്കും.
യുഎഇ തലത്തിലുള്ള സര്‍ഗലയം മത്സരങ്ങള്‍ ഫെബ്രവരി 18 ന് ദുബൈയില്‍ നടക്കുന്നതോടെ മാസങ്ങള്‍ നീണ്ട കലാസപര്യക്ക് സമാപനമാകും.

അബൂദാബി സുന്നീ സെന്റര്‍ നേതാക്കളായ സയ്യിദ് അബ്ദുര്‍ റഹ്‌മാന്‍ തങ്ങള്‍, കെ.പി. അബ്ദുല്‍ കബീര്‍ ഹുദവി സ്വാഗത സംഘം ഭാരവാഹികളായ മന്‍സൂര്‍ മൂപ്പന്‍, സൈദലവി ഹുദവി, അഡ്വ. ശറഫുദ്ദീന്‍, കെ.പി.എ വഹാബ് ഹുദവി, സലിം നാട്ടിക, ശാഫി ഇരിങ്ങാവൂര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

webdesk14: