X

നാളികേരവിലയുടെ തകര്‍ച്ചക്ക് സര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണണമെന്ന് സ്വതന്ത്രകര്‍ഷകസംഘം

തിരുവനന്തപുരം: നാളികേരവിലയുടെ തകര്‍ച്ചക്ക് സര്‍ക്കാര്‍ ഇടപെട്ട് ഉടന്‍ പരിഹാരം കാണണമെന്ന് സ്വതന്ത്രകര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. കിലോക്ക് 20 രൂപയാണ് നിലവില്‍ പൊതുവിപണിയില്‍ ലഭിക്കുന്നത്. കിലോക്ക് 19 രൂപയോളം ചെലവ് വരുമ്പോഴാണിത്. കിലോക്ക് 50 രൂപയെങ്കിലും നിശ്ചയിച്ച് സര്‍ക്കാര്‍ നാളികേരം സംഭരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംഭരണം പ്രഹസനമായി മാറിയതാണ് വിലത്തകര്‍ച്ചക്ക് കാരണം.

നെല്ല് സംഭരിച്ച വകയില്‍ പാലക്കാടും കുട്ടനാടുമടക്കം 500 കോടി രൂപയുടെ കുടിശികയാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. രണ്ടാം വിള നെല്‍കൃഷിയിറക്കാന്‍ ഇത് കാരണം വട്ടിപ്പലിശക്കാരെ ആശ്രയിക്കുകയാണ് കര്‍ഷകര്‍. കര്‍ഷകരുടെ മക്കള്‍ക്കും കൃഷിക്കാരായ വിദ്യാര്ത്ഥികള്‍ക്കും ഗ്രേസ് മാര്‍ക്ക് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുസ്‌ലിംലീഗിന്റെ ദേശീയഫണ്ട ്സമാഹരണം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. കര്‍ഷകക്ഷേമനിധി   കാര്യക്ഷമമാക്കുക. കര്‍ഷകദ്രോഹനയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തും. ഇതിനായി ജൂലൈ എട്ടിന് ആലുവയില്‍ സംസ്ഥാന പ്രവര്‍ത്തകസമിതിയോഗം തീരുമാനിച്ചു.

പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കളത്തില്‍ അബ്ദുല്ല സ്വാഗതം പറഞ്ഞു. കെ.കെ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, ഇ.കെ അബ്ദുറഹ്മാന്‍, കെ.യു ബഷീര്‍ഹാജി, മാഹിന്‍ അബൂബക്കര്‍, മണക്കാട് നജ്മുദ്ദീന്‍, മണ്‍വിള സൈനുദ്ദീന്‍,  അഡ്വ. അഹമ്മദ് മാണിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Chandrika Web: