X

ശിഹാബ് തങ്ങള്‍ രാജ്യത്തിന് വേണ്ടി കാലം നിയോഗിച്ച കര്‍മ്മയോഗി: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

രാജ്യത്തിന് വേണ്ടി കാലം നിയോഗിച്ച കർമ്മയോഗിയായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനവും ശിഹാബ് തങ്ങൾ സെന്റർ ഫോർ സ്റ്റഡി ആന്റ് റിസർച്ച് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യരക്ഷക്ക് വേണ്ടി കാലം നിയോഗിച്ച വ്യക്തിത്വമായിരുന്നു ശിഹാബ് തങ്ങൾ.

വിദേശ വിദ്യാഭ്യാസം നേടിയ ശേഷം ശിഹാബ് തങ്ങളെ ഉന്നത പദവിയിലുള്ള ജോലികളിലേക്ക് ബാഫഖി തങ്ങൾ നിർദേശിച്ചപ്പോൾ കോയ മോൻ ജനങ്ങൾക്കൊപ്പം ജീവിക്കട്ടെ എന്നാണ് എന്റെ വന്ദ്യപിതാവ് പൂക്കോയ തങ്ങൾ പറഞ്ഞത്. രാജ്യത്തിന്റെ അതിർത്തി കാക്കാൻ എന്റെ മകനെ നൽകാമെന്ന് നെഹ്‌റുവിനോട് പറഞ്ഞ ഖാഇദെ മില്ലത്തിന്റെ മനസ്സ് തന്നെയാണ് ശിഹാബ് തങ്ങളെ സംബന്ധിച്ച് പിതാവും സ്വീകരിച്ചത്. – സാദിഖലി തങ്ങൾ പറഞ്ഞു.

ജനങ്ങൾക്ക് വേണ്ടിയാണ് ശിഹാബ് തങ്ങൾ ജീവിച്ചത്. ബഹുസ്വരതയുടെയും പ്രശ്‌ന സങ്കീർണതകളുടെയും നാടായ ഇന്ത്യയിൽ ശിഹാബ് തങ്ങളുടെ നേതൃത്വം അനിവാര്യമായിരുന്നു. രാഷ്ട്രീയ ജീവിതത്തിലെ എല്ലാ സങ്കീർണതകളിലും അദ്ദേഹം തളരാതെ മുന്നോട്ട് പോയി. സമുദായത്തെയും സമൂഹത്തെയും രാജ്യത്തെയും രക്ഷിക്കുന്ന നിലപാടുകൾ സ്വീകരിച്ചു. ബഹുസ്വരതക്കും മതേതരത്വത്തിനും എതിരായ ഒരു നിലപാടും ശിഹാബ് തങ്ങൾ ഒന്നും സ്വീകരിച്ചില്ല. ആദ്യം കയ്പായി തോന്നുമെങ്കിലും പിന്നീട് മധുരിക്കുന്നതായിരുന്നു ആ തീരുമാനം. ഇന്ത്യൻ സെക്യുലറിസത്തിന്റെ അവസാനത്തെ പ്രവാചകൻ എന്ന് പത്രങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ഈ സവിശേഷത കൊണ്ടാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ദീൻ, ലക്ഷദ്വീപ് എം.പി മുഹമ്മദ് അബ്ദുല്ല സഈദ് എം.പി എന്നിവർ മുഖ്യാതിഥികളായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി അനുസ്മരണ പ്രഭാഷണം നടത്തി. പി.വി അബ്ദുൽ വഹാബ് എം.പി, കെ.പി.എ മജീദ് എം.എൽ.എ, സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, പി. അബ്ദുൽ ഹമീദ് എം.എൽ.എ സംസാരിച്ചു. ദേശീയ സെമിനാറിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ഇ.ടി മുഹമ്മദ് ബഷീർ എം.പി, മാതൃഭൂമി പത്രാധിപർ മനോജ് കെ ദാസ്, ഡോ. എം.കെ മുനീർ, സി.പി സൈതലവി വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, പി. ഉബൈദുല്ല എം.എൽ.എ, പി.കെ ഫിറോസ്, പി.വി അഹമ്മദ് സാജു, അബ്ദുല്ല വാവൂർ, എ.കെ സൈനുദ്ദീൻ, കെ.ടി അമാനുള്ള, ഡോ. സൈനുൽ ആബിദ് കോട്ട തുടങ്ങിയവർ സംസാരിച്ചു.

webdesk13: