X

ശിഹാബ് തങ്ങള്‍ സഹിഷ്ണുതയുടെ അംബാസിഡര്‍:  സാദിഖലി തങ്ങള്‍

തൊടുപുഴ:  എല്ലാവരെയും ചേര്‍ത്തു നിര്‍ത്തി വിജയഗാഥ  സൃഷ്ടിച്ച  സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും  അംബാസിഡറായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് മുസ്‌ലിം  ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി തൊടുപുഴയില്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതു ജീവിതത്തില്‍ സഹവര്‍തിത്വത്തിന്റെ ശൈലിയായിരുന്നു ശിഹാബ് തങ്ങള്‍ക്ക്. സമൂഹമായിരുന്നു പ്രവര്‍ത്തന മാധ്യമം. ബഹുസ്വരസമൂഹത്തോട് ഇടകലര്‍ന്ന് അവരില്‍ ഒരാളായാണ് തങ്ങള്‍ സംവദിച്ചത്.  മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ ഏത് തിരക്കിനിടയിലും ശ്രദ്ധയോടെ കേള്‍ക്കാന്‍ കഴിഞ്ഞതിനാലാണ്  ജനഹൃദയങ്ങളില്‍ ഇടം നേടാനും കാലത്തിന് മുന്നേ നടക്കാനും തങ്ങള്‍ക്ക് കഴിഞ്ഞത്.

മനുഷ്യര്‍ അകലാനുള്ളതല്ല, കൂടുതല്‍ അടുക്കുകയാണ് വേണ്ടതെന്നതാണ് തങ്ങള്‍ പകര്‍ന്ന് നല്‍കിയ ജീവിത ദര്‍ശനം.  ഇത്തരത്തിലുള്ള നേതാക്കള്‍ കുറയുന്നു എന്നതാണ് വര്‍ത്തമാന കാലത്തെ പ്രതിസന്ധി. മണിപ്പീരില്‍ അതാണ് കണ്ടത്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും പറഞ്ഞ് തീര്‍ക്കാനും ആരും തയ്യാറാകാത്തതാണ്  മണിപ്പൂരില്‍ സംഘര്‍ഷത്തിന് കാരണം.  സമൂഹത്തില്‍ ഭിന്നതയുണ്ടാകുമ്പോള്‍ എല്ലാവരെയും ഒരുമിച്ചിരുത്തി പരിഹാര വഴികളിലേക്ക് നയിക്കുകയാണ് തങ്ങള്‍ ചെയ്തത്. ലാളിത്യവും ശക്തിയും കൂടിച്ചേര്‍ന്ന കരുത്തുറ്റ രാഷ്ട്രീമായിരുന്നു ശിഹാബ് തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി .എം. എ സലാം അധ്യക്ഷത വഹിച്ചു. കലുഷിതമായ സന്ദര്‍ഭങ്ങളില്‍ സമൂഹത്തെ യോജിപ്പിച്ച് നിര്‍ത്തുന്ന  ശക്തിയായിരുന്നു ശിഹാബ് തങ്ങളെന്ന് മുസ് ലിം ലീഗ് ദേശീയ ജന.സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. വര്‍ഗീയതക്കെതിരെ ഉറച്ച നിലപാടായിരുന്നു.  യോജിച്ച് നിന്നാല്‍  വലിയ വിജയം നേടാനാകുമെന്നതാണ് തങ്ങള്‍ പകര്‍ന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നസീര്‍ അഹമ്മദ് മുഖ്യാതിഥിയായിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, മലങ്കര ഓര്‍ത്തഡോക്‌സ് സഭാ ഇടുക്കി രൂപതാ  മെത്രാപ്പോലീത്ത  സഖറിയാസ് മാര്‍ സേവേറിയോസ് തിരുമേനി, എറണാകുളം കരയോഗം പ്രസിഡന്റ് പി രാമചന്ദ്രന്‍, എന്‍ എന്‍ ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി കെവിദ്യാസാഗര്‍, ഹാഫിസ് മുഹമ്മദ് നൗഫല്‍ കൗസരി, സി പി മാത്യു, എം ജെ ജേക്കബ്, പി കെ ഫിറോസ്, ടി എം സലിം,അബ്ദുള്‍ റഹ്മാന്‍ കല്ലായി,  പാറക്കല്‍ അബ്ദുല്ല, സി എച്ച് റഷീദ്, അഡ്വ.  മുഹമ്മദ് ഷാ ,  അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണി,  സുഹ്‌റ മമ്പാട്, പി കെ അബ്ദുറബ്ബ്, അഹമ്മദ്കുട്ടി ഉണ്ണികുളം , അഡ്വ. എസ് അശോകന്‍,  കെ. എം. എ ഷുക്കൂര്‍, കെ .എസ് സിയാദ് , എം എസ് മുഹമ്മദ് തുടങ്ങിയവര്‍  സംസാരിച്ചു.

webdesk14: