മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആര്‍എല്ലിന്റെ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും. സിഎംആര്‍എല്‍ ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കിയതായി സംശയമുണ്ടെന്ന് എസ്എഫ്ഐഒ കഴിഞ്ഞ തവണ വാദിച്ചിരുന്നു.
എക്സാലോജിക്കിന് പണം നല്‍കിയത് രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനെന്ന് സംശയമുണ്ടെന്നും എസ്എഫ്ഐഒ ആരോപിച്ചു. ഇക്കാര്യങ്ങളില്‍ സിഎംആര്‍എല്‍ ഇന്ന് മറുപടി നല്‍കും. ഹര്‍ജിയില്‍ കക്ഷിചേരാനുള്ള ഷോണ്‍ ജോര്‍ജിന്റെ അപേക്ഷയിലും വാദം കേള്‍ക്കും.
കേസില്‍ സ്വതന്ത്ര അന്വേഷണമാണ് നടക്കുന്നതെന്നും ആദായ നികുതി സെറ്റില്‍മെന്റ് കമ്മീഷണന്റെ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയല്ല അന്വേഷണമെന്നും ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ എസ്എഫ്ഐഒ നേരത്തെ വ്യക്തമാക്കിയിരുന്നു.
തങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണോ എന്നതില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണെന്നുമായിരുന്നു എസ്എഫ്ഐഒ വ്യക്തമാക്കിയത്. ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത രേഖകള്‍ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറരുതെന്ന് സിഎംആര്‍എല്ലും ആവശ്യപ്പെട്ടിരുന്നു.