X

പ്രവാസഭൂമികയിലെ സേവനം അതിമഹനീയം: മുനവ്വറലി ശിഹാബ് തങ്ങള്‍

അല്‍ഐന്‍: പ്രവാസഭൂമികയില്‍ തൊഴിലന്വേഷിച്ചുവന്നവര്‍ നടത്തിക്കൊണ്ടിരിക്കുന്ന സേവനം അതിമഹനീയമാണെന്ന് മുസ്ലിംയൂത്തലീഗ് സംസ്ഥാന പ്രസിഡണ്ട പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങള്‍ വ്യക്തമാക്കി.

കെഎംസിസി സീനിയര്‍നേതാവ് അഷറഫ് പള്ളിക്കണ്ടത്തിന് അല്‍ഐന്‍ സംസ്ഥാന കെഎംസിസി ഒരുക്കിയ യാത്രയയപ്പ് പരിപാടി ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം കുടുംബത്തിന്റെ സംരക്ഷണ ചുമതലയുമായി ഗള്‍ഫ് നാടുകളിലേക്ക് കുടിയേറിയവര്‍ ഒരു നാടിന്റെ മുഴുവന്‍ അത്താണിയായി മാറിയ കാഴ്ചയാണ് പ്രവാസി കേരളത്തിന് സമ്മാനിച്ചത്. സ്വന്തം പ്രയാസങ്ങളും പ്രാരാബ്ദങ്ങളും മറന്നു അവശതയനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരാനായി രാപകലില്ലാതെ കഠിനാദ്ധ്വാനം ചെയ്യുന്ന കെഎംസിസി പ്രവര്‍ത്തകര്‍ തുല്യതയില്ലാത്ത പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുനവ്വര്‍ തങ്ങള്‍ പറഞ്ഞു.

അഷറഫ് പള്ളിക്കണ്ടത്തിന്റെ സേവനം അല്‍ഐന്‍ മലയാളികള്‍ക്ക് ഏറെ ആശ്വാസമായിരുന്നു. അത്തപ്പറ്റ മൊയ്തീന്‍കുട്ടി മുസ്ല്യാരുടെ ആശീര്‍വാദവും സമൂഹത്തിന്റെ ശക്തമായ പിന്തുണയും പള്ളിക്കണ്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു. നാലരപതിറ്റാണ്ട നീണ്ടുനിന്ന പ്രവാസലോകത്തെ സേവനത്തിനുശേഷം പിറന്ന മണ്ണിലേക്ക് കൂടണയുമ്പോള്‍ നാട്ടിലും പ്രവര്‍ത്തനരംഗത്ത് പുതിയ ചരിത്രം കുറിക്കാന്‍ സാധിക്കുമെന്ന് തങ്ങള്‍ പറഞ്ഞു.

സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന പ്രൗഢമായ പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ഹാഷിം തങ്ങള്‍ സ്വാഗതം പറഞ്ഞു. അബ്ദുല്ല യൂസുഫ് ഖിറാഅത്ത് നടത്തി. സുബൈര്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി. മുനവ്വറലി തങ്ങളെ അഷറഫ് പള്ളിക്കണ്ടം ഷാളണിയിച്ചു.

സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം അഷറഫ് പള്ളിക്കണ്ടത്തിന് സമ്മാനിച്ചു. ഖദീജാ അഷറഫിനുള്ള വനതാ കെഎംസിസിയുടെ ഉപഹാരവും സമ്മാനിച്ചു. അബുദാബി കാസറകോട് ജില്ലാ കമ്മിറ്റിയുടെ ഉപഹാരവും ചടങ്ങില്‍ സമ്മാനിച്ചു.

പൂകോയതങ്ങള്‍ ബാ അലവി, ഐഎസ് സി പ്രസിഡണ്ട് ജിമ്മി, ജനറല്‍ സെക്രട്ടറി മണികണ്ഠന്‍, ഡോ.സുധാകരന്‍, അനിമോന്‍, റസല്‍ സാലി, മുബാറക്, ഇസ്തികാര്‍, സലീം, ജാബിര്‍ ബീരാന്‍ തുടങ്ങി വിവിധ സംഘടനാ പ്രതിനിധികള്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു.

അഷറഫ് പള്ളിക്കണ്ടം മറുപടി പ്രസംഗം നടത്തി. നാലര പതിറ്റാണ്ടിന്റെ തന്റെ സേവനകാലത്ത് കെഎംസിസിയെന്ന നാലക്ഷരവും അതിന്റെ പ്രവര്‍ത്തകരും വിശിഷ്യാ കൊടപ്പനക്കല്‍ കുടുംബവും നല്‍കിയ പിന്തുണ ആവേശകരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

webdesk13: