കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഏഴ് ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു. ഗൂഡാലോചന ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
ഗൂഡാലോചനയ്ക്ക് പുറമെ സംഘം ചേര്‍ന്ന് മര്‍ദനം, മുറിവേല്‍പ്പിക്കല്‍ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 2022 ഓഗസ്റ്റ് 31നാണ് മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
മെഡിക്കല്‍ സൂപ്രണ്ടിനെ കാണാന്‍ വന്നവരെ തടഞ്ഞെന്നാരോപിച്ചായിരുന്നു ജീവനക്കാരെ ആക്രമിച്ചത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ കാണാനെത്തിയപ്പോള്‍ ഈ വഴി പോകാനാകില്ലെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടായി.
ഇതിന് പിന്നാലെ 15 ഓളം ആളുകള്‍ കൂട്ടാമായെത്തി സുരക്ഷാ ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അടിക്കൊണ്ട് നിലത്തുവീണ ജീവനക്കാരെ അക്രമികള്‍ ചവിട്ടുക്കൂട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.